സന്നിധാനത്തേക്ക് സിപിഎം ‘സ്ക്വാഡ്’; പാർട്ടിക്കാരെ ദിവസവേതനത്തിന് വച്ച് സന്നിധാനം നിയന്ത്രിക്കാൻ സിപിഎം

ശബരിമല∙ ദിവസ വേതനക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങി. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോർഡ്  ദിവസവേതന അടിസ്ഥാനത്തിൽ  നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും.

അരവണ തയാറാക്കൽ, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീർഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികൾക്കുമാണ് ഇവരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവർ സിപിഎം അല്ലെങ്കിൽ ഇടതുപക്ഷ പ്രവർത്തകർ ആകണമെന്നു ദേവസ്വം ബോർഡിനു സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ദിവസവേതനത്തിന് എടുക്കുന്നവർക്കു തീർഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാൻ പറ്റും. അവർക്കു .ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത്.

യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സർക്കാർ നീക്കം വിശ്വാസികളുടെ എതിർപ്പിനെ തുടർന്നു  പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാർ പ്രവർത്തകരാണെന്നാണു പൊലീസ് നൽകിയ റിപ്പോർട്ട്. എൽഡിഎഫ് അനുഭാവികളാരും ഇല്ലാഞ്ഞതിനാൽ പൊലീസിനു പിൻബലം നൽകാൻ ആരുമില്ലായിരുന്നുവെന്നാണു വിലയിരുത്തൽ.