Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി കൈമാറ്റം: രമേശിനെതിരെ പ്രാഥമിക അന്വേഷണം

Ramesh Chennithala

തിരുവനന്തപുരം ∙ ആഭ്യന്തര മന്ത്രിയായിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിനു കൈമാറിയെന്ന പരാതിയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണം. അന്നത്തെ ജയിൽ മേധാവിയുടെ എതിർപ്പു മറികടന്നാണു ട്രസ്റ്റിനു രണ്ടേക്കർ സ്ഥലം കൈമാറിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം വി‍ജിലൻസ് പ്രത്യേക യൂണിറ്റാണ് അന്വേഷിക്കുന്നത്. പരാതിയിൽ അന്വേഷണത്തിനു വിജിലൻസ് ഡയറക്ടർ സർക്കാർ അനുമതി തേടിയിരുന്നു. മുഖ്യമന്ത്രിയാണ് അനുമതി നൽകിയത്.  വിജിലൻസ് നിയമ ഭേദഗതി പ്രകാരം ജനപ്രതിനിധികൾക്കെതിരായുള്ള വിജിലൻസ് അന്വേഷണത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

തെളിയിക്കാൻ രമേശിന്റെ വെല്ലുവിളി

കൊല്ലം ∙ തനിക്കെതിരെയുള്ള ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ രണ്ടേക്കർ സ്ഥലം സ്വകാര്യ ട്രസ്റ്റിനു കൈമാറിയെന്ന കേസിൽ  വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എതിർക്കുന്നവരെ അടിച്ചമർത്താമെന്നു പിണറായി കരുതേണ്ട. മന്ത്രിസഭാ തീരുമാനത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയാൽ എന്താണു ഗതിയെന്നു ഹൈക്കോടതി വിധിച്ചതാണ് – രമേശ് പറഞ്ഞു.

related stories