Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള വിതരണം വേഗത്തിലായി; ആകെ 3.45 ലക്ഷം പേർക്കു കിട്ടി

salary-challenge

തിരുവനന്തപുരം ∙ ശമ്പള വിതരണത്തിനു സാലറി ചാലഞ്ച് ഉത്തരവു സൃഷ്ടിച്ച തടസ്സം പൂർണമായി നീങ്ങി. ഇന്നലെ മാത്രം ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനായി. ഇതോടെ ഇൗ മാസം ഇതുവരെ ശമ്പളം കൈപ്പറ്റിയവരുടെ എണ്ണം 3.45 ലക്ഷമായി. സാധാരണ, മൂന്നാം ശമ്പളം ദിനംവരെ ശമ്പളം വാങ്ങുന്നവരെക്കാൾ കൂടുതൽ പേർ ഇത്തവണ കൈപ്പറ്റിയതായി ട്രഷറി വൃത്തങ്ങൾ അറിയിച്ചു. 10നു മുൻപ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകും. ഡിഡിഒമാർ നൽകുന്ന ശമ്പള ബില്ലുകൾ അന്നു തന്നെ പാസാക്കാനാണു നിർദേശം.

അതേസമയം, സാലറി ചാലഞ്ചിൽ നിന്നു പിൻമാറാൻ സ്പാർക്കിൽ സൗകര്യം ഏർപ്പെടുത്തിയെങ്കിലും പിൻമാറ്റത്തിനു സന്നദ്ധത അറിയിച്ചെത്തിയ ഒട്ടേറെപേരെ ട്രഷറിയിൽ നിന്നു മടക്കി അയയ്ക്കുന്നതായി പരാതിയുണ്ട്. ശമ്പളത്തിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന ജീവക്കാരുടെ ബില്ലുകൾ ഉടൻ തന്നെ ഡിഡിഒയ്ക്കു തിരിച്ചയയ്ക്കുകയാണ് ട്രഷറി ജീവനക്കാർ സാധാരണ ചെയ്യുന്നത്. ഇത്തരം ബില്ലുകൾ അപാകത പരിഹരിച്ച് ഡിഡിഒമാർ വീണ്ടും ട്രഷറിയിലേക്ക് അയയ്ക്കും.

എന്നാൽ, സാലറി ചാലഞ്ചിൽ നിന്നു പിൻമാറുന്നുവെന്നും അതിനാൽ ബിൽ തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ട്രഷറിയിലെത്തിയ ജീവനക്കാരോടു ഡിഡിഒയുടെ കത്തുമായി എത്താനാണ് ട്രഷറി ജീവനക്കാർ നിർദേശിച്ചത്. ഇതു കാരണം പിൻമാറ്റത്തിനുള്ള അവസരം പലർക്കും ഉപയോഗപ്പെടുത്താനായില്ല. ഇതുവരെ ശമ്പള ബിൽ തയ്യാറാക്കാത്ത ഡിഡിഒമാർക്ക് സാലറി ചാലഞ്ചിൽ നിന്നു പിൻമാറുന്നുവെന്നു ചൂണ്ടിക്കാട്ടി ജീവനക്കാർ കത്തു നൽകുന്നുണ്ട്. അതേസമയം, ശമ്പളത്തിൽ നിന്നു 10 ഗഡുക്കളായി സംഭാവന നൽകുന്നവർക്കു മാത്രം സാലറി ചാലഞ്ചിൽ‌ നിന്നു പിൻമാറാൻ അവസരം നൽകിയതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ട്.

ശമ്പള പരിഷ്കരണ കുടിശിക, അവധി സറണ്ടർ തുടങ്ങിയ മാർഗങ്ങളിലൂടെ സംഭാവന ചെയ്തവരും ബാക്കി തുക ഗഡുക്കളായി ശമ്പളത്തിൽ നിന്നു നൽകുകയാണ്. ഇവർ ഇനി നൽകേണ്ട ഗഡുക്കൾ ഒഴിവാക്കാൻ കഴിയില്ലെന്നാണു ഡിഡിഒമാർക്ക് സ്പാർക് പോർട്ടൽ വഴി നൽകിയ അറിയിപ്പ്. ഇതു വിവേചനമാണെന്നാണു പരാതി. ഇൗ മാസവും കഴിഞ്ഞ മാസവുമായി 325 കോടി രൂപയാണു സാലറി ചാലഞ്ച് വഴി ജീവനക്കാരിൽ നിന്നു സർക്കാരിന് ലഭിച്ചത്

പുതുക്കിയ ഉത്തരവ് കോടതിയലക്ഷ്യം

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിൽ സർക്കാർ പുറത്തിറക്കിയ പരിഷ്കരിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി കേരള എൻജിഒ സംഘ് ചീഫ് സെക്രട്ടറിക്കു കത്തു നൽകി. ഒരു മാസത്തെ ശമ്പളം വേണമെന്ന ആദ്യ ഉത്തരവിലെ ഖണ്ഡിക ഒഴിവാക്കിയെന്നാണു പരിഷ്കരിച്ച രണ്ടാമത്തെ ഉത്തരവിൽ പറയുന്നത്. എന്നാൽ ആദ്യ മാസത്തെപ്പോലെ തന്നെ ശമ്പളത്തിൽ നിന്നു സംഭാവന കുറവു ചെയ്യണമെന്നു രണ്ടാമത്തെ ഉത്തരവിൽ പറയുന്നുണ്ട്. ഇതു കോടതിയലക്ഷ്യമാണ്. ഒരു മാസത്തിൽ കുറഞ്ഞ ശമ്പളം സ്പാർക് വഴി കുറവു ചെയ്തെടുക്കില്ലെന്ന നിലപാട് ജീവനക്കാരെ രണ്ടു തട്ടിലാക്കുന്നതാണ്. സർക്കുലർ പിൻവലിച്ച് അപാതകൾ പരിഹരിക്കണമെന്ന് എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.