Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം: യോഗ്യതയുള്ള ഉദ്യോഗാർഥിയെ ഒഴിവാക്കിയതിനു തെളിവ്

K.T. Jaleel കെ.ടി. ജലീൽ

കണ്ണൂർ ∙ ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള  പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണു ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതെന്നാണു തെളിവുകൾ വ്യക്തമാക്കുന്നത്.

ബിരുദാനന്തര ബിരുദവും എംബിഎ‌യും   പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ 5 വർഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാർഥിയെയാണ് ഒഴിവാക്കിയത്. നേരത്തേയുള്ള സർക്കാർ ഉത്തരവു തിരുത്തി പുതുതായി ഇറക്കിയ വിജ്ഞാപനം മന്ത്രിയുടെ ബന്ധുവിനു വേണ്ടി മാത്രമുള്ളതാണെന്ന രഹസ്യവിവരത്തെ തുടർന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. പരിചയസമ്പന്നനായ ആളുടെ സേവനം കോർപറേഷന് ആവശ്യമായതിനാൽ, അപേക്ഷകരിൽ യോഗ്യതയുള്ള ഒരേ ഒരാളെ ബന്ധപ്പെട്ടു എന്നാണു മന്ത്രിയുടെ വിശദീകരണം. എന്നാൽ  യഥാർഥ യോഗ്യതയുള്ള ഉദ്യോഗാർഥിയോട് ആ ഘട്ടത്തിലും താൽപര്യം അന്വേഷിച്ചിട്ടില്ല.

മന്ത്ര‌ി ഇ.പി.ജയരാജന്റെ ബന്ധുനിയമനവിവാദം കത്തിനിൽക്കുന്ന സമയത്തു കൂടുതൽ വിവാദം വേണ്ടെന്നു ചൂണ്ടിക്കാട്ടി, 2016 ഒക്ടോബർ 26നു നടത്താനിരുന്ന കൂടിക്കാഴ്ചയിൽ അദീബിനോടു പങ്കെടുക്കേണ്ടെന്നു മന്ത്രിയുടെ ഓഫിസിൽനിന്നു നിർദേശിച്ചതായാണു സൂചന. പിന്നീടു 2 വർഷത്തോളം തസ്തിക ഒഴിച്ചിട്ട ശേഷമാണ് അദീബിനു നിയമനം നൽകിയത്. 

ഒഴിവുണ്ടാക്കിയതിലും ക്രമക്കേട്

∙ ബന്ധുവിനെ നിയമിക്കാൻ കോർപറേഷനിൽ മനഃപൂർവം ഒഴിവുണ്ടാക്കുകയായിരുന്നു. നേരത്തേ ഈ തസ്തികയിലുണ്ടായിരുന്ന വനിതാ വികസന കോർപറേഷനിലെ റീജനൽ മാനേജരെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ  സേവനം ആവശ്യമാണെന്ന ഡയറക്ടർ ബോർഡിന്റെ ശുപാർശ തള്ളുകയായിരുന്നു. ഡപ്യൂട്ടേഷൻ കാലാവധി 5 വർഷം വരെ നീട്ടാമെന്നിരിക്കെയാണു പ്രവർത്തന പരിചയമുള്ള ആളെ ഒരു വർഷം കഴിഞ്ഞയുടനെ പറഞ്ഞുവിട്ടത്.

ജലീൽ ഇടപെട്ടു; ഹജ് കമ്മിറ്റി ഓഫിസിലും ചട്ടം ലംഘിച്ച് നിയമനം

കൊണ്ടോട്ടി ∙ കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽ മന്ത്രി കെ.ടി.ജലീലിന്റെ താൽപര്യപ്രകാരം ചട്ടംപാലിക്കാതെ നിയമനം നടത്തിയതായി ആരോപണം. ഓഫിസിലെ സ്ഥിരം ഒഴിവുകളിൽ മറ്റു സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ അവരുടെ താൽപര്യപ്രകാരം ഡപ്യൂട്ടേഷനിൽ നിയമിക്കുകയാണ് ചട്ടം. എന്നാൽ, ഈ നടപടിക്രമം പാലിക്കാതെ, മന്ത്രിയുടെ നിർദേശപ്രകാരം വനിതയെ നിയമിച്ചതായാണ് ആരോപണം. അവരുടെ ജോലി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിലും 2 വർഷത്തോളമായി സ്ത്രീ ജോലിയിൽ തുടരുന്നുണ്ട്. 4 ക്ലാർക്കുമാരുടെ സ്ഥിരം തസ്തികയാണ് ഹജ് കമ്മിറ്റി ഓഫിസിലുള്ളത്. 2 വർഷം മുൻപ് ഒഴിവുവന്ന തസ്തികയിലേക്ക് ഡപ്യൂട്ടേഷനിൽ അപേക്ഷകൾ ഉണ്ടായിട്ടും ഇതൊന്നും പരിഗണിക്കാതെ നിയമിച്ചെന്നാണ് ആരോപണം.

related stories