വ്യാജ ചിത്രം: ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു രാജേഷ് ചിത്രീകരിച്ചു ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച വ്യാജ ചിത്രം. പൊലീസ് നൽകിയത്.

മാന്നാർ (ആലപ്പുഴ) ∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് ആർഎസ്എസ് പ്രവർത്തകനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പിനെയാണ് (39) സിഐ ജോസ് മാത്യു അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിൽ വിട്ടു.

രാജേഷ് ആർ.കുറുപ്പ്.

ഇരുമുടിക്കെട്ടും അയ്യപ്പവിഗ്രഹവുമായി നിൽക്കുന്ന രാജേഷിന്റെ നെഞ്ചിൽ കാക്കി പാന്റ്സും ബൂട്ടും ധരിച്ച കാൽ ചവിട്ടുന്ന ചിത്രവും ഇതേ വേഷത്തിൽ നിൽക്കുന്ന രാജേഷിന്റെ കഴുത്തിനുനേരെ അരിവാൾ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണു പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്കിൽനിന്നു ചിത്രങ്ങൾ അപ്രത്യക്ഷമായി. രാജേഷിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.