തള്ളിയിട്ട യുവാവിന് അപകട മരണം; ഡിവൈഎസ്പിക്കെതിരെ കൊലക്കേസ്

എസ്.സനൽ, ഹരികുമാർ

തിരുവനന്തപുരം ∙ റോഡിലെ തർക്കത്തിനിടെ താൻ പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി: ബി.ഹരികുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഡിവൈഎസ്പി ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം. ഇലക്ട്രീഷ്യനും പ്ലമറുമായ നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടിൽ എസ്.സനലാണു (33) മരിച്ചത്.

കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജിയാണു ഭാര്യ. മക്കൾ: ആൽബിൻ, എബിൻ.

സംഭവത്തിനു ദൃക്സാക്ഷിയായ സനലിന്റെ സുഹൃത്ത് കൊടങ്ങാവിള ചെമ്പനാവിളയിൽ ഷൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തത്. നെടുമങ്ങാട് എഎസ്പി: സുജിത്ദാസിനാണ് അന്വേഷണച്ചുമതല. പൊലീസ് ആസ്ഥാനത്തെ എഐജി വകുപ്പുതല അന്വേഷണം നടത്തും. ആദ്യം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അശോകനെയാണ് അന്വേഷണം ഏൽപിച്ചത്. മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പിയുടെ അറസ്റ്റ് ആവശ്യപ്പെട്ടു സനലിന്റെ മൃതശരീരവുമായി നാട്ടുകാർ ഏറെ നേരം നെയ്യാറ്റിൻകരയിൽ ദേശീയപാത ഉപരോധിച്ചു.