ഡിവൈഎസ്പി ഹരികുമാർ കള്ളക്കേസിൽ കുടുക്കിയെന്ന് യുവാവിന്റെ പരാതി

കൊല്ലം ∙ നെയ്യാറ്റിൻകര കൊലക്കേസിലെ പ്രതി മുൻ ഡിവെഎസ്പി ബി.ഹരികുമാർ മുൻപു മറ്റൊരു യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ വിജിലൻസ് അന്വേഷണ ശുപാർശ മുക്കിയതായി ആരോപണം. തടി മോഷ്ടിച്ചെന്നാരോപിച്ചു കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിലടച്ചു എന്ന ആരോപണവുമായി പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി സുനിലാണു രംഗത്തെത്തിയത്.

2015ൽ ഹരികുമാർ കടയ്ക്കൽ സിഐ ആയിരിക്കുമ്പോഴാണു സംഭവം. കേസിൽ കുടുക്കിയതോടെ ജീവിതം ദുരിതത്തിലായി. ജയിലിൽ ആയിരുന്ന സമയത്തു കൂടുതൽ കേസിൽ കുടുക്കാതിരിക്കാൻ 25,000 രൂപ കൈക്കൂലിയും വാങ്ങി. ഭാര്യയുടെ താലിമാല വിറ്റാണ് അന്നു പണം നൽകിയത്. ജയിലിൽ നിന്നിറങ്ങി അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നൽകി. ഡിസിആർബി ഡിവൈഎസ്പി ആയിരുന്ന ജെ.കിഷോർകുമാറിന്റെ അന്വേഷണത്തിൽ തന്റെ നിരപരാധിത്വം തെളിഞ്ഞു. യുവാവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഹരികുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും കൊല്ലം റൂറൽ എസ്പിക്കു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. എന്നാൽ ആ റിപ്പോർട്ട് പിന്നീടു വെളിച്ചം കണ്ടില്ലെന്നും സുനിൽ പറയുന്നു.

കള്ളക്കേസിൽ കുടുക്കിയെന്ന പരാതി നൽകിയതിനെത്തുടർന്നു ജീവനു ഭീഷണി ഉയർന്നിരുന്നു. കൊലപാതകക്കേസിൽ ഹരികുമാർ പ്രതിയായതോടെയാണു തന്റെ കേസിനെക്കുറിച്ചു പുറത്തുപറയാൻ ധൈര്യം വന്നതെന്നും അന്നത്തെ മോഷണക്കേസിൽ ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും സുനിൽ പറഞ്ഞു.