ഡിവൈഎസ്പി ഹരികുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

എസ്.സനൽ, ബി.ഹരികുമാർ

തിരുവനന്തപുരം ∙ ഡിവൈഎസ്പി പിടിച്ചുതള്ളിയപ്പോൾ കാറിനടിയിൽപെട്ട നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ടു പൊലീസുകാർക്കു സസ്പെൻഷൻ‍. നെയ്യാറ്റിൻകര സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണു റേഞ്ച് ഐജി മനോജ് ഏബ്രഹാം സസ്പെൻഡ് ചെയ്തത്. ആശുപത്രിയിൽ പോകുംവഴി പൊലീസുകാരനു ഡ്യൂട്ടി മാറാൻ ആംബുലൻസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കു കൊണ്ടുപോയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

സനൽ കൊല്ലപ്പെട്ട കേസിലെ പ്രതി ഡിവൈഎസ്പി: ബി.ഹരികുമാറിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഒളിവിൽ കഴിയുന്ന ഡിവൈ എസ്പിക്കുവേണ്ടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ എത്തി. ഇതു 14നു പരിഗണിക്കും. നിയമപരമായ ഇടപെടൽ മാത്രമാണു നടത്തിയതെന്നു ഹർജിയിൽ പറയുന്നു.

ഹരികുമാറിന്റെയും സുഹൃത്ത് ബിനുവിന്റെയും നീക്കം പൊലീസ് നിരീക്ഷിച്ചുവരികയാണ്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവിടത്തെ ചില ക്വാറി ഉടമകളുമായി ഹരികുമാറിന് അടുത്ത ബന്ധമുണ്ടെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതോടെ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടിസ് നൽകി.

ഹരികുമാറിനു മുൻകൂർ ജാമ്യം നേടാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, ഹർജി പരിഗണന പതിനാലിലേക്കു മാറ്റിയതോടെ പൊലീസിന് അത്രയുംനാൾ ഒത്തുകളി നടത്താൻ കഴിയാത്ത സ്ഥിതിയായി. ഒന്നുകിൽ ഹരികുമാർ കീഴടങ്ങണം, അല്ലെങ്കിൽ പൊലീസ് പിടിക്കണം എന്നതായി സ്ഥിതി.

ക്രൈംബ്രാഞ്ച് എസ്പി: ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് ലോക്കൽ പൊലീസ് കേസ് ഡയറി കൈമാറി. ഒളിവിൽ പോയ ഹരികുമാറിന്റെ സർവീസ് റിവോൾവർ പൊലീസ് സ്റ്റേഷനിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സനലിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം

തിരുവനന്തപുരം ∙ ഡിവൈഎസ്പി കാറിനു മുന്നിൽ തള്ളിയിട്ട യുവാവ് മരിച്ചതു തലയ്ക്കേറ്റ ക്ഷതം മൂലം. പോസ്റ്റുമോർട്ടത്തിനു ശേഷം പൊലീസിനു നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരം. കാർ ഇടിച്ചു തെറിപ്പിച്ച സനലിന്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു. മാത്രമല്ല, വാരിയെല്ലും കവിളെല്ലും തുടയെല്ലും പൊട്ടി. ഇടിയേറ്റു വീണപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. പ്രാഥമിക ചികിൽസ കിട്ടാൻ തന്നെ ഏറെ വൈകി പിന്നീടു നെയ്യാറ്റിൻകരയിൽ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.