Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളം: പുതിയ കൺസൽറ്റൻസിയെ നിയമിക്കാൻ ആഗോള ടെൻഡർ

rebuild-kerala

തിരുവനന്തപുരം ∙ നവകേരള സൃഷ്ടിക്കായുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും മികച്ച മോഡലുകൾ കണ്ടെത്തുന്നതിനും പുതിയ കൺസൽറ്റൻസിയെ നിയമിക്കാൻ സർക്കാർ ആഗോള ടെൻഡർ വിളിക്കുന്നു. ഇപ്പോൾ സൗജന്യമായി കൺസൽറ്റൻസി സേവനം നൽകുന്ന കെപിഎംജിയുമായുള്ള സഹകരണം അവസാനിപ്പിക്കും. കെപിഎംജിയുടെ ഇതുവരെയുള്ള സേവനങ്ങളിൽ സർക്കാർ തൃപ്തരാണ്. എന്നാൽ, തുടർന്നുള്ള സേവനത്തിന് കെപിഎംജി പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് ആഗോള ടെൻഡർ വിളിച്ച് കരാർ നൽകാൻ തീരുമാനിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ടെൻഡറിൽ കെപിഎംജിക്കും പങ്കെടുക്കാം.

നവകേരള സൃഷ്ടിയുടെ ഭാഗമായി നടപ്പാക്കാവുന്ന പദ്ധതികൾ ഏതൊക്കെ, ഏതൊക്കെ മേഖലകളിൽ അടിയന്തര ശ്രദ്ധ വേണം, എവിടെ നിന്നൊക്കെ ധനസഹായം കണ്ടെത്താം, വായ്പകളായും പദ്ധതികളായും സഹായം എത്തിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും ഏജൻസികൾ ഏതൊക്കെ, അവരുടെ മാനദണ്ഡങ്ങൾ എന്തെല്ലാം, പദ്ധതികൾ നടപ്പാക്കുമ്പോൾ നേരിടാവുന്ന ബുദ്ധിമുട്ടുകൾ, അവ എങ്ങനെ തരണം ചെയ്യാം തുടങ്ങിയ നിർദേശങ്ങൾ സമർപ്പിക്കാനാണ് കെപിഎംജിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ പലതും ഇനി പുതിയ കൺസൽറ്റൻസി പൂർക്കിയാക്കേണ്ടി വരും.

കെപിഎംജിക്കു കരാർ നൽകുന്നത് സംബന്ധിച്ച് എൽഡിഎഫിൽ ചർച്ചയുണ്ടായിരുന്നില്ല. കരാർ ഏകപക്ഷീയമായി നൽകുന്നുവെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു, സൗജന്യ സേവനം എന്ന കാരണം പറഞ്ഞാണ് ആരോപണങ്ങളെയൊക്കെ സർക്കാർ പ്രതിരോധിച്ചിരുന്നത്. എന്നാൽ, പ്രതിഫല കരാറിലേക്കു നീങ്ങേണ്ടി വന്നതോടെ ടെൻഡർ അനിവാര്യമായി.

related stories