ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങിയില്ല; പിടിച്ചുമില്ല

എസ്.സനൽ, ബി.ഹരികുമാർ

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ കാറിനുമുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പിയായിരുന്ന ബി.ഹരികുമാറിനെ അഞ്ചു ദിവസം കഴിഞ്ഞിട്ടും പിടികൂടാനാവാതെ പൊലീസ്. ഇന്നലെ കീഴടങ്ങുമെന്നു പൊലീസ് ഉദ്യോഗസ്ഥർക്കിടെ അഭ്യൂഹമുണ്ടായിരുന്നു. കീഴടങ്ങാൻ സന്നദ്ധനാക്കണമെന്നു ഹരികുമാറിന്റെ കുടുംബത്തോടു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. സഹോദരൻ മാധവൻപിള്ളയെയും കേസിൽ ഉൾപ്പെട്ട ബിനുവിന്റെ സഹോദരൻ അനൂപിനെയും പൊലീസ് വിളിച്ചുവരുത്തി. എന്നാൽ സംഭവത്തിനുശേഷം ഹരികുമാർ തങ്ങളെ വിളിച്ചിട്ടില്ലെന്ന് ഇരുവരും മറുപടി നൽകി. നെയ്യാറ്റിൻകര എസ്ഐ: സന്തോഷ്കുമാർ, പൊലീസ് ഡ്രൈവർ എന്നിവരിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.

സനലിന്റെ ഭാര്യ വിജിക്കു സർക്കാർ ജോലി നൽകാൻ ഡിജിപി സർക്കാരിനോടു ശുപാർശ ചെയ്തു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു കൊടങ്ങാവിളയിൽ സാക്ഷികളുടെ മൊഴിയെടുക്കാൻ വന്ന സംഘത്തെ നാട്ടുകാർ തടഞ്ഞു. മൊഴിയെടുക്കാതെ ഇവർക്കു മടങ്ങേണ്ടി വന്നു.

ഹരികുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം മൂവായിരത്തോളം ഫോൺവിളികൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുൻപ്, നെയ്യാറ്റിൻകര സബ്ജയിലിലേക്ക് അയയ്ക്കരുതെന്നെ ഉപാധി പൊലീസ് അസോസിയേഷനിലെ ചിലർ മുഖേന ഉന്നയിച്ചുവെന്ന സൂചനകൂടി പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലാണ്. സുരക്ഷാ പ്രശ്നം കോടതിയിൽ ഉന്നയിക്കണമെന്നു ഹരികുമാർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

നെയ്യാറ്റിൻകരയിലുള്ള രണ്ടു ക്വാറി ഉടമകളും തമിഴ്നാട്ടിൽ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണു ഹരികുമാറിന് ഒളിവിൽ കഴിയാൻ അവസരമൊരുക്കുന്നതെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇന്നും നാളെയുമായി പ്രതിയുടെ അറസ്റ്റോ കീഴടങ്ങലോ ഉണ്ടായില്ലെങ്കിൽ ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റാനും ആലോചനയുണ്ട്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ സനലിന്റെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റി സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.