Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിന്റെ ബന്ധുവിന്റെ യോഗ്യതയ്ക്ക് കേരളത്തിൽ അംഗീകാരമില്ല

K.T. Jaleel കെ.ടി.ജലീൽ

കോഴിക്കോട് ∙ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കപ്പെട്ട മന്ത്രിബന്ധുവിന്റെ യോഗ്യത സംബന്ധിച്ചും വിവാദം. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരമില്ലെന്നു തെളിഞ്ഞു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോൾ, ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോർപറേഷന് അപേക്ഷ നൽകിയതിന്റെ വിവരങ്ങളും പുറത്തായി.

അണ്ണാമല സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. ബിടെക്കിനൊപ്പം പിജിഡിബിഎയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സർവകലാശാല ഈ കോഴ്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നാണു കോർപറേഷന്റെ വാദം. എന്നാൽ, അണ്ണാമല സർവകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എംജി സർവകലാശാലകളും ഈ കോഴ്സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു ശേഷമാണു വർധന ആവശ്യപ്പെട്ട് അദീബ് കോർപറേഷന് അപേക്ഷ നൽകിയത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.കെ. അക്ബർ പറയുന്നത്. എന്നാൽ, കോർപറേഷനിൽ 86,000 രൂപയാണു മാസശമ്പളം നൽകുന്നത്. അലൻവൻസുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നൽകിയപ്പോൾ അലവൻസ് കൊടുക്കണമെന്ന് അദീബ് അഭ്യർഥിച്ചതായി എംഡി പറഞ്ഞു. 

സ്വന്തക്കാർക്ക് നൽകാനുള്ളതല്ല സർക്കാർ തസ്തിക: ചെന്നിത്തല

കൊച്ചി ∙ സ്വന്തക്കാർക്കും ബന്ധുക്കൾക്കും പതിച്ചുകൊടുക്കാനുള്ളതല്ല സർക്കാർ തസ്തികകളെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി. ജലീലിനെതിരെ അര ഡസനോളം അഴിമതി ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ‘വേണമെങ്കിൽ ഹൈക്കോടതിയിൽ പൊയ്ക്കോ’ എന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പ്രസ്താവന അധികാരത്തിന്റെ അഹന്തയിലുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. 

related stories