യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ

മക്കിയാട് (വയനാട്) ∙ കെഎസ്ആർടിസി ബസിൽ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് വടകര തിരുവള്ളൂർ കുന്നുമ്മലങ്ങാടി സ്വദേശി താഴെക്കുനി വീട്ടിൽ കെ. ഹനീഷി (40) നെയാണ് തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടിയിൽ നിന്നു മാനന്തവാടിയിലേക്കുള്ള ബസിൽ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണു സംഭവം.

ബസ് കുറ്റ്യാടി ചുരത്തിലെത്തിയപ്പോൾ കണ്ടക്ടർ യുവതിയുടെ ദേഹത്തു കടന്നുപിടിച്ചതായാണു പരാതി. ബസിൽ വച്ചുതന്നെ യുവതി ഭാവിവരന് മൊബൈലിൽ സന്ദേശമയച്ചു. അദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്നു തൊണ്ടർനാട് പൊലീസ് കോറോത്തു ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. പ്രതിയെ റിമാൻഡ് ചെയ്തു.