ഹൈക്കോടതിയോട് ശ്രീധരൻ പിള്ള: വിളിച്ചത് തന്ത്രി തന്നെ; പ്രസംഗത്തിൽ ആവർത്തിക്കുന്നു: ‘വിളിച്ചത് ആരെന്നറിയില്ല’

പി.എസ് ശ്രീധരൻ പിള്ള

കൊച്ചി∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ഫോണിൽ വിളിച്ചതു ശബരിമല തന്ത്രിയാണെന്ന് ഉറപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള മറ്റു വേദികളിൽ ആവർത്തിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയിൽ അദ്ദേഹം നൽകിയ ഹർജിയിൽ ഇക്കാര്യത്തിൽ തെല്ലും സംശയമില്ല. വിളിച്ചതു തന്ത്രി കണ്ഠര് രാജീവര് തന്നെയെന്നു വ്യക്തമാക്കുന്നതാണു ഹർജി.

യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാണു ശ്രീധരൻ പിള്ളയുടെ ഹർജി. തന്ത്രി ഫോണിൽ വിളിച്ചപ്പോൾ കോടതിയലക്ഷ്യം നിലനിൽക്കുമോ എന്നു മാത്രമാണു താൻ അഭിപ്രായപ്പെട്ടതെന്നു സ്ഥാപിക്കാൻ പരാമർശങ്ങളുടെ പ്രസക്ത ഭാഗവും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. 

ഹർജിയിൽ ശ്രീധരൻപിള്ള ചേർത്തിട്ടുള്ള സ്വന്തം വാചകങ്ങൾ ഇങ്ങനെ: ‘‘ആ സമയത്തു തന്ത്രി വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. അപ്പോൾ ഞാൻ വിളിച്ച അവസരത്തിൽ പറഞ്ഞു..... തിരുമേനി ഒറ്റയ്ക്കല്ല. ഇതു കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. കണ്ടംപ്റ്റ് ഓഫ് കോർട്ടിനു കേസ് എടുക്കുന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക...... തിരുമേനി ഒറ്റക്കല്ല എന്നു പറഞ്ഞപ്പോൾ രാജീവര് എനിക്കു സാർ പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്നു പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്ന് എടുക്കുകയും ഉണ്ടായി.’’

എന്നാൽ, വിളിച്ചതു തന്ത്രിയാണോ മറ്റാരെങ്കിലുമാണോ എന്നറിയില്ലെന്ന് ശ്രീധരൻ പിള്ള ഇന്നലെയും ആവർത്തിച്ചു. ‘‘ഉറപ്പില്ലാത്തതു കൊണ്ടാണ് ഉറപ്പില്ല എന്നു പറയുന്നത്. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തെ വിശ്വസിക്കുന്നു. ഒക്ടോബർ 19നു നൂറുകണക്കിനു ഫോൺ വന്നു. അതിൽ ആരെല്ലാമുണ്ടെന്ന് അറിയില്ല. മറ്റാരെങ്കിലും വിളിച്ചോ എന്ന് അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെ’’– ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.