സംഘം ചേർന്നു ക്രൂരമർദനം; മൽസ്യത്തൊഴിലാളി മരിച്ചു, നാലു യുവാക്കൾ പിടിയിൽ

ഹെറിക് കുരിശപ്പൻ

തിരുവനന്തപുരം∙ വലിയതുറയിൽ യുവാക്കൾ സംഘം ചേർന്നു ക്രൂരമായി മർദിച്ച മൽസ്യത്തൊഴിലാളി കൊച്ചുവേളി തൈവിളാകം പുരയിടത്തിൽ ഹെറിക് കുരിശപ്പൻ (52) മരിച്ചു. കൊച്ചുവേളി സ്വദേശികളായ സുജിത്, പീറ്റർ സാനു, ചില്ലു, ജോൺപോൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഖാന്റെ നേതൃത്വത്തിൽ വിശദഅന്വേഷണം തുടങ്ങി.

കുരിശപ്പനും അയൽവാസികളായ ചില യുവാക്കളുമായി കൊച്ചുവേളി കടപ്പുറത്തു ഞായറാഴ്ച രാത്രി ചെറിയ തോതിൽ സംഘട്ടനമുണ്ടായിരുന്നു. തന്നെ പരിഹസിച്ചതു കുരിശപ്പൻ ചോദ്യം ചെയ്തതാണു കയ്യാങ്കളിയിലെത്തിയത്. ഇതിനിടെ യുവാക്കളിൽ ഒരാളുടെ മാതാവ് ഷീലയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ യുവാക്കൾ തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞു സംഘടിച്ചെത്തി കുരിശപ്പനെ വീട്ടിൽ നിന്നു വലിച്ചിറക്കി കടൽത്തീരത്തിട്ടു മർദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വടി കൊണ്ടുള്ള അടിയേറ്റു വാരിയെല്ലു പൊട്ടി. കണ്ണിനും തലയ്ക്കും പരുക്കേറ്റു. അതിനു ശേഷം വീട്ടിൽ കൊണ്ടുപോയിട്ടെന്നും പൊലീസ് പറഞ്ഞു. 

ഭാര്യയും മകനുമായി പിരിഞ്ഞ് ഒറ്റയ്ക്കാണു കുരിശപ്പന്റെ താമസം. സംഭവമറിഞ്ഞെത്തിയ ചില ബന്ധുക്കൾ വീടിന്റെ കതകും ഗേറ്റും പൂട്ടിയിട്ട ശേഷമാണു പോയതെന്നും എന്നാൽ രാവിലെ എല്ലാം തുറന്നു കിടക്കുന്നതു കണ്ടു വന്നു നോക്കുമ്പോൾ കുരിശപ്പൻ മരിച്ചു കിടക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. എലിസബത്താണ് ഭാര്യ.  മകൻ: എബിൻ (പ്ലസ് വൺ വിദ്യാർഥി). ഡോഗ് സ്‌ക്വാഡ് മണം പിടിച്ചു കടപ്പുറത്തു പോയ ശേഷം സുജിത് എന്നയാളുടെ വീട്ടിലെത്തി. ഇയാളെ അതിനു മുമ്പു തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.