Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണങ്ങൾ മന്ത്രി സുധാകരനെ ബാധിക്കുമെന്ന് ഭാര്യ; ജോലി രാജിവച്ചു

G. Sudhakaran, Jubily Navaprabha ജി.സുധാകരൻ, ജൂബിലി നവപ്രഭ

തിരുവനന്തപുരം∙ കേരള സർകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആൻഡ് ടീച്ചർ എജ്യൂക്കേഷന്റെ ഡയറക്ടർ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ രാജിവച്ചു. തനിക്കെതിരായ ആരോപണങ്ങളെല്ലാം ഭർത്താവ് സുധാകരനെ ബാധിക്കുന്നതാണെന്നു വ്യക്തമാക്കിയാണു രാജി. ഭർത്താവാണു തനിക്കു വലുതെന്നും അദ്ദേഹത്തെ  കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന ധർമപത്നിയാണു താനെന്നും ജൂബിലി നവപ്രഭ പറഞ്ഞു. തന്നെ അപമാനിക്കാൻ മന:പൂർവം പലരും ശ്രമിക്കുന്നു. അതിനാൽ ഡയറക്ടർ സ്ഥാനം ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുന്നു.

ഡയറക്ടർ പദവിയിൽ സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ചുമതലയിൽ തന്നെ നിയമിച്ചതു ചട്ടങ്ങൾ അട്ടിമറിച്ചാണെന്നായിരുന്നു ആദ്യ ആരോപണം. തന്റേതു കരാർ നിയമനമായിരുന്നു. അതു സ്ഥിരപ്പെടുത്താനും ശമ്പളം കൂട്ടാനും തീരുമാനിച്ചെന്നാണ് ഇപ്പോഴത്തെ പ്രചാരണം. തന്റെ അറിവോ സമ്മതമോ ഇല്ലാതെ അങ്ങനെ തീരുമാനിച്ചത് ആരാണെന്നു വെളിപ്പെടുത്തണമെന്നു സർവകലാശാലയ്ക്ക് അയച്ച രാജിക്കത്തിൽ അവർ ആവശ്യപ്പെട്ടു. ആരൊക്കെയോ ഇതിനു പിന്നിലുണ്ട്. തുറന്നുപറഞ്ഞ് ആരെയും ഇതിലേക്കു വലിച്ചിഴയ്ക്കുന്നില്ല. സർവകലാശാലയിൽ തോന്നിയതു പോലെയാണു കാര്യങ്ങൾ. പെൺകുട്ടികൾ പരാതിപ്പെട്ടാൽ അവർക്കെതിരായാണു നടപടി. മൂന്നു പ്രിൻസിപ്പൽമാരുടെ അപ്രൈസൽ നടന്നതു താൻ അറിയാതെയാണ്.

ആലപ്പുഴ എസ്ഡി കോളജ് വൈസ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു വിരമിക്കുമ്പോൾ 1.65 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നു. വിരമിച്ച ശേഷം കേരളത്തിലെയും വിദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ഷണിച്ചിരുന്നു. സമൂഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം കൊണ്ടാണു സർവകലാശാലയിൽ 35,000 രൂപ ശമ്പളത്തിൽ ചേർന്നത്. മന്ത്രിയുടെ ഭാര്യയായതിനാൽ പെട്രോൾ പമ്പിൽ പോലും ജോലി ചെയ്യാനാവില്ല. എങ്കിൽ അതു സുധാകരന്റെ പെട്രോൾ പമ്പാണെന്നു പ്രചരിപ്പിക്കും. മതിയായ യോഗ്യതയില്ലാതെയാണു തനിക്കു നിയമനം തന്നതെങ്കിൽ, യോഗ്യത നിശ്ചയിച്ച സർവകലാശാലാ അധികൃതരാണു മറുപടി നൽകേണ്ടതെന്നും ജൂബിലി നവപ്രഭ പറഞ്ഞു.

related stories