ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ; അന്വേഷണം തുടരുമെന്നു ഡിജിപി

ബി.ഹരികുമാർ

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശി സനൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ മുഖ്യപ്രതി ഡിവൈഎസ്പി: ബി.ഹരികുമാർ (51) കീഴടങ്ങുമെന്നു പ്രതീക്ഷിച്ചതിന്റെ പിറ്റേന്നു കല്ലമ്പലത്തുള്ള സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു സനൽകുമാറിന്റെ ഭാര്യ വിജി നിരാഹാര സത്യഗ്രഹം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിലാണു ഹരികുമാറിന്റെ മരണവാർത്ത ഇന്നലെ രാവിലെ പുറത്തുവന്നത്. തുടർന്നു സമരം അവസാനിപ്പിച്ചു.

ഒൻപതു ദിവസത്തെ ഒളിവുജീവിതത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ടു നാലിനു ഹരികുമാർ പൊലീസിൽ കീഴടങ്ങുമെന്ന് ഇടനിലക്കാരായ പൊലീസ് ഉദ്യോഗസ്ഥർ വഴി ഉറപ്പുകൊടുത്തതിനു പിന്നാലെയാണു പൊലീസിനെയും അമ്പരപ്പിച്ചുള്ള മരണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ രാത്രി ഒൻപതിനു വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലേഖ. മക്കൾ: അതുൽ ഹരി (ബിരുദ വിദ്യാർഥി), പരേതനായ അഖിൽ ഹരി.

ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഹരികുമാറിനൊപ്പം ഒളിവിൽ കഴിഞ്ഞ കൂട്ടുപ്രതി കെ.ബിനുവും ഇവർ ഒളിവിൽ പോകാൻ സഹായിച്ച ബിനുവിന്റെ ഡ്രൈവർ രമേശും ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങി. സനലിന്റെ മരണശേഷം ബിനുവിന്റെ കാറിലാണു മൂവരും നെയ്യാറ്റിൻകര വിട്ടത്.

ഇന്നലെ രാവിലെ ഒൻപതരയോടെ കല്ലമ്പലം വെയ്‍ലൂരിലുള്ള ഹരികുമാറിന്റെ വീട്ടിൽ നായയ്ക്കു ഭക്ഷണം നൽകാനെത്തിയ ഭാര്യാമാതാവ് ലളിതമ്മയാണു വീടിനോടു ചേർന്നുള്ള ചായ്പിൽ മുണ്ട് ഉപയോഗിച്ചു തൂങ്ങിമരിച്ച നിലയിൽ ഹരികുമാറിനെ കണ്ടെത്തിയത്. ഭാര്യയും മകനും ഹരികുമാറിന്റെ കല്ലറയിലുള്ള കുടുംബവീട്ടിലേക്കു മാറിയിരുന്നു. പൂട്ടിക്കിടന്ന വീട്ടിൽ പൊലീസിന്റെ കണ്ണു വെട്ടിച്ചു ഹരികുമാർ എങ്ങനെയെത്തിയെന്നതു ദുരൂഹമാണ്.

അസിസ്റ്റന്റ് കലക്ടർ ഇമ്പശേഖറിന്റെയും റൂറൽ എസ്പി: പി.അശോക് കുമാറിന്റെയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. 'സോറി, ഞാൻ പോകുന്നു, മകനെ നന്നായി നോക്കണം' - ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയെഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. മുഖ്യ പ്രതി മരിച്ചെങ്കിലും അന്വേഷണം തുടരുമെന്നു ഡിജിപി: ലോക്നാഥ് ബെഹ്റ അറിയിച്ചു.

സനൽ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം തൃപ്പരപ്പിലെത്തിയ ഹരികുമാറും ബിനുവും മധുര, മൈസൂരു, കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിൽ കഴിഞ്ഞശേഷം കീഴടങ്ങാനായി തിങ്കളാഴ്ച നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഹരികുമാർ ചെന്നൈക്കു സമീപം എത്തിയെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച ഐജി: ശ്രീജിത്ത് അവിടെയെത്തിയിരുന്നു.

സിമ്മുകൾ പലതും മാറിയെങ്കിലും മൊബൈൽ ലൊക്കേഷൻ വഴി ഇരുവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇരുവരും ഉപയോഗിച്ച സ്വിഫ്റ്റ് കാർ നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്തെ ബിനുവിന്റെ ബന്ധുവീട്ടിൽ പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ രാത്രി ഇറക്കിയശേഷം ബിനു നെയ്യാറ്റിൻകരയിലെത്തുകയും പൊലീസ് സ്റ്റേഷനിലോ കോടതിയിലോ കീഴടങ്ങുകയും ചെയ്യാനായിരുന്നു പദ്ധതി. ഡിവൈഎസ്പി ആത്മഹത്യ ചെയ്തുവെന്നറിഞ്ഞതോടെ ബിനു നീക്കം ആദ്യം ഉപേക്ഷിച്ചെങ്കിലും വൈകിട്ടു കീഴടങ്ങി.

നവംബർ അഞ്ചിനു നെയ്യാറ്റിൻകര കൊടങ്ങാവിള ജംക്‌ഷനിൽ ബിനുവിന്റെ വീട്ടിൽ നിന്നറങ്ങി വന്ന ഹരികുമാറിന്റെ വാഹനത്തിനു തടസ്സമായി സനലിന്റെ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണു മരണത്തിൽ കലാശിച്ചത്. സനലിനെ ഹരികുമാർ റോഡിലേക്കു പിടിച്ചുതള്ളിയപ്പോൾ കാറിടിക്കുകയായിരുന്നു.