ഡിവൈഎസ്പി ഒളിവിൽ പായുന്നു; നാണക്കേടുമായി പൊലീസും

എസ്.സനൽ, ബി.ഹരികുമാർ

തിരുവനന്തപുരം ∙ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി: ബി.ഹരികുമാർ കേരള പൊലീസിനെ വെള്ളം കുടിപ്പിച്ചു പായുന്നു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു സേനയ്ക്കു വലിയ നാണക്കേടായി. പൊലീസും പ്രതിയും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴും പ്രതിയുടെ പിന്നാലെയാണു തങ്ങൾ എന്നാണ് അന്വേഷണ സംഘം പറയുന്നത്.

നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ (33) വാഹനത്തിനു മുന്നിൽ പിടിച്ചുതള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ. ഇദ്ദേഹവും സുഹൃത്ത് കെ.ബിനുവുമാണ് ഒളിവിൽ. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഒളിവിൽ പോകാൻ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവർ എടുത്ത നൽകിയ രണ്ടു സിം കാർഡുകളാണു ഹരികുമാർ ഒളിവിൽ ഉപയോഗിച്ചിരുന്നത്. ഇവർ മൈസൂരുവിലും മംഗളൂരുവിലും എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. എന്നാൽ പിന്തുടർന്ന് എത്തിയപ്പോൾ അവിടെനിന്നു രക്ഷപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രതി കീഴടങ്ങാൻ തയാറാണെന്ന് ബന്ധു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ശനിയും ‍ഞായറും അവധി ദിനങ്ങളായതിനാൽ ജയിലിൽ കൂടുതൽ ദിവസം കഴിയുന്നത് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നുവെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്. നാളെയാണു ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതിനു മുൻപായി പ്രതിയെ പിടിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പൊലീസ് വീഴ്ച അന്വേഷിക്കാൻ ഉത്തരവ്

നെയ്യാറ്റിൻകര സ്വദേശി സനലിന്റെ മരണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിച്ചു മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി.

സനലിന്റെ ഭാര്യ സത്യഗ്രഹത്തിന്

സനലിന്റെ ഭാര്യ വിജി ഇന്നു നിരാഹാര സത്യഗ്രഹം തുടങ്ങും. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം. സനൽ കാറിടിച്ചു വീണ സ്ഥലത്താണ് ഇന്നു രാവിലെ മുതൽ വിജിയുടെ സത്യഗ്രഹം.