49 ഹർജിക്കാർ, 3 റിട്ട് ഹർജി; ശബരിമല യുവതീപ്രവേശം ഇന്നു കോടതിയിൽ

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള 49 പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞു 3ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ പരിഗണിക്കും. യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന 3 റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് രാവിലെ പരിഗണിക്കും.

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി. 

49 ഹർജിക്കാർ

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബി. രാധാകൃഷ്ണ മേനോൻ എന്നിവരുൾപ്പെടെ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 20 വ്യക്തികളും എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുൾപ്പെടെ 29 സംഘടനകളുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്. 

3 റിട്ട് ഹർജികൾ

ചെന്നൈ സ്വദേശി ജി. വിജയകുമാർ, വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ എസ്. ജയരാജ് കുമാർ, ഷൈലജ വിജയൻ എന്നിവരുടെ റിട്ട് ഹർജികളാണ് പരിഗണിക്കുക. ജയരാജ് കുമാറിന്റെ ഹർജിയിൽ കേന്ദ്രസർക്കാരും മറ്റു രണ്ടിലും സംസ്ഥാന സർക്കാരുമാണ് ഒന്നാം എതിർകക്ഷി. 

കാണില്ല; കേൾക്കില്ല

ഹർജികൾ ഇന്നു പരിഗണിക്കുമെന്ന് നേരത്തേ ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോൾ, കോടതിയിൽതന്നെ പരിഗണിക്കുമെന്നാണു വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ, ചേംബറിലാണ് പരിഗണിക്കുകയെന്ന് ഇന്നലെ വ്യക്തമാക്കപ്പെട്ടു. ചേംബറിൽ അഭിഭാഷകർക്കും ഹർജിക്കാർക്കും പ്രവേശനമില്ല. എഴുതി നൽകിയ വാദങ്ങൾ മാത്രം പരിഗണിക്കും. കോടതിയിൽ പരിഗണിച്ച്, പരിമിതമായി വാദം കേട്ട് തീർപ്പാക്കാമെന്നാണ് ഭൂരിപക്ഷ നിലപാടെങ്കിൽ, ഹർജികൾ നോട്ടിസ് നൽകി കോടതിയിലേക്കു മാറ്റും.

മത വിഷയങ്ങളിൽ ഇടപെടില്ല; യുവതികളുടെ മൗലികാവകാശം സംരക്ഷിക്കും: കേരള സർക്കാർ

കൊച്ചി ∙ ശബരിമല ക്ഷേത്രത്തിന്റെ മത, ആചാര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭക്തരുടെ സുരക്ഷ സർക്കാരിന്റെയും പൊലീസിന്റെയും ബാധ്യതയാണ്. ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തുന്ന 10–50 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ചില പാർട്ടികൾ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

10–50 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ തടസപ്പെടുത്തുന്നതു നിയമവിരുദ്ധമാണ്. യഥാർഥ ഭക്തരെ പൊലീസ് തടയില്ല. എന്നാൽ പ്രശ്നമുണ്ടാക്കാൻ ലക്ഷ്യമിട്ടെത്തിയാൽ പൊലീസ് ഇടപെടും. ക്രമസമാധാനപാലത്തിനും ഭക്തരായ സ്ത്രീകളുടെ സുരക്ഷയ്ക്കും പൊലീസിനു ബാധ്യതയുണ്ട് – സർക്കാർ വിശദീകരിച്ചു.

റിട്ടും റിവ്യൂവും: എന്താണു വ്യത്യാസം?

ശബരിമല കേസിലെ റിട്ട് ഹർജികൾ ഇന്ന് ഉച്ചയ്ക്കു മുൻപും പുനഃപരിശോധനാ (റിവ്യൂ) ഹർജികൾ ഉച്ചകഴിഞ്ഞ് മൂന്നിനുമാണു പരിഗണിക്കുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

എന്താണ് റിട്ട് ഹർജി? 

∙ ഭരണഘടനാബെ‍ഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹർജി സാധ്യമല്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്. 3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം. 

പുനഃപരിശോധനാ ഹർജി

∙ ഭരണഘടനാബെഞ്ച് സെപ്റ്റംബർ 28ന് നൽകിയ വിധിയുടെ തിരുത്താണ് പുനഃപരിശോധനാ ഹർജികളിലെ ആവശ്യം. 3 സാഹചര്യങ്ങളിലാണ് റിവ്യൂ അനുവദിച്ച് കേസ് വീണ്ടും  വാദത്തിന് പരിഗണിക്കുന്നത്. 1) ഹർജിക്കാർക്ക് അറിയില്ലാതിരുന്നതോ ലഭ്യമാക്കാൻ സാധിക്കാതിരുന്നതോ ആയ പുതിയ തെളിവു ലഭിക്കുമ്പോൾ, 2) വിധിയിൽ വ്യക്തമായ തെറ്റോ പിഴവോ ഉണ്ടെന്നു വ്യക്തമാകുമ്പോൾ, 3) മതിയായ മറ്റേതെങ്കിലും കാരണം.

ഇന്ന് എന്തു സംഭവിക്കും?

ആദ്യം നടക്കുന്നത് 3 റിട്ട് ഹർജികളിലും പ്രാഥമികവാദം. ഇത് കോടതിമുറിയിൽ തന്നെയാണ്. പക്ഷേ, അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു സ്റ്റേ ചെയ്യാൻ കഴിയില്ല. റിട്ട് ഹർജികൾ വിശദവാദത്തിനു പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് തീരുമാനിച്ചാൽതന്നെയും, ആ ഹർജികളുടെ ഭാവി പുനഃപരിശോധനാ ഹർജികളുടെ ഫലത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബറിലെ വിധി പുനഃപരിശോധിക്കാനാണ് തീരുമാനമെങ്കിൽ, സ്വാഭാവികമായും‌ റിട്ട് ഹർജികൾ അപ്രസക്തമാകും.