വനിതാ പൊലീസുകാരുടെ പ്രായം: വത്സൻ തില്ലങ്കേരിയുടെ പ്രസ്താവന വിവാദത്തിലേക്ക്

വൽസൻ തില്ലങ്കരി

കോഴിക്കോട് ∙ വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ അവസരം കിട്ടിയെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസ്താവനയും വിവാദത്തിലേക്ക്. കോഴിക്കോട് മുതലക്കുളത്ത് ഞായറാഴ്ച  ശബരിമല കർമ സമിതി നടത്തിയ വിശ്വാസ സംരക്ഷണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ വത്സൻ തില്ലങ്കേരി വിവാദ പ്രസ്താവന നടത്തിയത്.

50 വനിതാ  പൊലീസുകാരെ സന്നിധാനത്ത് നിയമിക്കുമെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ യുവതികൾ സമ്മതിച്ചില്ല. ഇതരസംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരും സമ്മതം മൂളിയില്ല. തുടർന്ന് 50 വയസുകഴിഞ്ഞ 15 വനിതാ പൊലീസുകാരെ നിയമിച്ചു. ഇതിൽ ഒരാളുടെ പ്രായം സംബന്ധിച്ച് തർക്കമുയർന്നു. അവരുടെ ഭർത്താവിനു 49 വയസാണ് പ്രായം. തുടർന്ന്15 വനിതാ പൊലീസുകാരുടെയും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കാൻ അവസരം കിട്ടിയതായും തില്ലങ്കേരി പറഞ്ഞു.

ഹൈന്ദവർ ഒരുമിച്ചു നിന്നാൽ അസാധ്യമായതൊന്നുമില്ല എന്നതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഇതു പറഞ്ഞത്. ചിത്തിര ആട്ടത്തിനു നടതുറന്നപ്പോൾ‍ സന്നിധാനത്തിന്റെ നിയന്ത്രണം കേരള പൊലീസ് വത്സൻ തില്ലങ്കേരിയെ ഏൽപ്പിച്ചതായി വ്യാപകമായ ആരോപണം ഉയർന്നിരുന്നു. പൊലീസിന്റെ മൈക്കുപയോഗിച്ച് തില്ലങ്കേരി വിശ്വാസികളോടു സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ശബരിമലയിൽ സർട്ടിഫിക്കറ്റുകൾ പ്രതിഷേധക്കാർ പരിശോധിക്കുന്നതായും വിവാദമുയർന്നിരുന്നു. ഇതിനുപിറകെയാണ് തില്ലങ്കേരിയുടെ പുതിയ പ്രസ്താവന വന്നത്.