Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6500 കോടിയുടെ നിർമാണക്കരാർ കൊച്ചി കപ്പൽശാലയ്ക്ക്

കൊച്ചി ∙ കൊച്ചിൻ ഷിപ്‌യാർഡിൽ 6500 കോടി രൂപ ചെലവിട്ട് 8 ഷാലോ വാട്ടർ ആന്റി സബ്മറീൻ വാർ ഷിപ്സ്  (അന്തർവാഹിനി നശീകരണ കപ്പലുകൾ) നിർമിക്കുന്നതിനുള്ള കരാർ അടുത്തമാസം ഒപ്പിടുമെന്നു നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ. ഇന്ത്യൻ ഓഷൻ നേവൽ സിംപോസിയത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘മലയാള മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തുറമുഖങ്ങൾക്കു സമീപം മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാനും നശിപ്പിക്കാനുമുള്ള 16 ‘ഷാലോ വാട്ടർ ആന്റി സബ്മറീൻ വാർ ഷിപ്സ്’ ആണു 13,000 കോടി രൂപ ചെലവിട്ട് നാവികസേന ഇന്ത്യയിൽ തന്നെ നിർമിക്കുന്നത്. ഇതിൽ 8 എണ്ണം കൊൽക്കത്ത ഗാർഡൻ റീച്ച് തുറമുഖത്താണു നിർമിക്കുക.

20,000 കോടി രൂപ ചെലവിട്ട് ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്‌യാർഡിൽ നിർമാണം പൂർത്തിയാക്കി  2020 അവസാനത്തോടെ നാവികസേനയ്ക്കു കൈമാറുമെന്നാണു പ്രതീക്ഷിക്കുന്നത്. 65,000 ടൺ ഭാരമുള്ള വിമാന വാഹിനിക്കപ്പൽ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇത്തരം വലിയ കപ്പലുകൾ നിർമിക്കാൻ വേണ്ട സംവിധാനങ്ങൾ കൊച്ചിൻ ഷിപ്‌യാർഡിൽ ഏർപ്പെടുത്തണം. കൊച്ചിയിൽ നാവികർക്കു പരിശീലനത്തിനുള്ള സൗകര്യം വിപുലപ്പെടുത്തും – സുനിൽ ലാംബ പറഞ്ഞു.

മലയാളിയായ കമാൻഡർ അഭിലാഷ് ടോമിയുടെ സാഹസികത നാവികസേനയ്ക്കും രാജ്യത്തിനും അഭിമാനകരമാണെന്നും യുവാക്കളെ സേനയിലേക്ക് ആകർഷിക്കാൻ അതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.