Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺസ്യൂമർഫെഡ്: സർവത്ര ക്രമക്കേടും ധൂർത്തുമെന്ന് അന്വേഷണ റിപ്പോർട്ട്

consumerfed

കൊച്ചി ∙ യാത്ര, താമസം, ഭക്ഷണം എന്നീ ഇനങ്ങളിൽ കഴിഞ്ഞ 10 വർഷം കൺസ്യൂമർഫെഡിൽ ക്രമവിരുദ്ധമായി വൻതുക ചെലവഴിച്ചതായി കണ്ടെത്തി. 2004–05 മുതൽ 2014–15 വരെ താമസം, ഭക്ഷണം എന്നീയിനങ്ങളിലായി 8.07 കോടി രൂപയും, യാത്രയിനത്തിൽ മാത്രം 9.86 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. ധൂർത്ത് നിയന്ത്രിക്കേണ്ട മാനേജിങ് ഡയറക്ടറും ഭരണസമിതിയും ഇതിനു നേതൃത്വം നൽകിയതായും കൺസ്യൂമർ ഫെഡിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച് സഹകരണസംഘം ജോയിന്റ് റജിസ്ട്രാർ കെ.വി. പ്രശോഭൻ സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

3020 കോടി രൂപയുടെ ക്രമവിരുദ്ധ പർച്ചേസിൽ 388.68 കോടി രൂപയുടെ നഷ്ടവും, 4729 കോടി രൂപയുടെ ക്രമവിരുദ്ധ വിദേമദ്യം വാങ്ങലിൽ 10 കോടി രൂപയുടെ നഷ്ടവും കണ്ടെത്തിയിട്ടുണ്ട്. 7500 കോടി രൂപയുടെ ഇടപാടുകളിൽ പ്രവർത്തനനഷ്ടം, ക്രമക്കേട്, സർക്കാർ ധനസഹായം വകമാറ്റി ചെലവഴിക്കൽ എന്നീയിനങ്ങളിലായി 595.52 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

ലൈസൻസ് ലഭിക്കില്ലെന്നു വ്യക്തമായി അറിഞ്ഞിട്ടും 7 ഫ്ലോട്ടിങ് ത്രിവേണികൾ വാങ്ങിയതുവഴി സർക്കാരിനു 2 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. 3 വർഷത്തിനുള്ളിൽത്തന്നെ ഇവ ഏഴും പ്രവർത്തനരഹിതമായി. വ്യാജബില്ലുകൾ ഉപയോഗിച്ചു നടത്തിയ പണാപഹരണത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. ഇതു നടത്തിയവരുടെ പേരുവിവരങ്ങളും റിപ്പോർട്ടിലുണ്ടെങ്കിലും റിപ്പോർട്ട് സമർപ്പിച്ച് വർഷമൊന്നു കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.