ശബരിമലയിൽ 7 ദിവസം നിരോധനാജ്ഞ

ശബരിമല∙ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ 7 ദിവസത്തേക്കു കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നട അടച്ചാൽ തീർഥാടകരെ സന്നിധാനത്തു തങ്ങാൻ അനുവദിക്കില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ദർശനം കഴിഞ്ഞാൽ അപ്പോൾ തന്നെ മലയിറങ്ങണം. വിരിവച്ചു വിശ്രമിക്കാൻ പറ്റില്ല – ഡിജിപി അറിയിച്ചു. 

ഇതിനിടെ, ശബരിമല പാതയിൽ പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, അഴുത, എരുമേലി, കണമല എന്നിവിടങ്ങളിലെല്ലാം ഇന്നലെ ഭക്തരെ തടഞ്ഞു. ഇന്നു വൈകിട്ട് 5നു നട തുറക്കുമ്പോൾത്തന്നെ ദർശനം നടത്താനായി ഒട്ടേറെ തീർഥാടകരാണ് എത്തിയത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ പൊലീസ് ഇലവുങ്കലിൽ തടഞ്ഞ് കണമലയിലേക്കു തിരിച്ചയച്ചു. 

കെഎസ്ആർടിസി ബസിൽ പമ്പയിൽ നേരിട്ട് എത്തിയവരെ സന്നിധാനത്തേക്കു വിടാതെ തടഞ്ഞു. എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗത കാനനപാതയിലൂടെ നടന്നെത്തിയവരെ അഴുതയിൽ തടഞ്ഞു. മാധ്യമപ്രവർത്തകരെ പമ്പവരെ പോലും വിടാതെ ഇലവുങ്കലിൽ തടഞ്ഞു. ഇന്നു രാവിലെ 8നു മാത്രമേ ക‌ടത്തിവിടൂ എന്നാണു പൊലീസ് പറയുന്നത്.