Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ജലീലിന്റെ വാഹനത്തിനുനേരെ മുട്ടയേറും ചെരിപ്പേറും

protest-against-kt-jaleel തിരൂർ തു​ഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ രാജ്യാന്തര കേരളചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ടി.ജലീലിന്റെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തടയുന്നു.

മലപ്പുറം∙ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി കെ.ടി.ജലീലിന്റെ വാഹനത്തിനു നേരെ മുട്ടയേറും ചെരിപ്പേറും. യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരാണു പ്രതിഷേധിച്ചത്. 2 സംഭവത്തിലായി 11 പേരെ അറസ്റ്റ് ചെയ്തു. 25 പേർക്കെതിരെ കേസെടുത്തു.

തിരൂർ മലയാള സർവകലാശാലയിൽ ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ചത്. സംഘർഷത്തിൽ 2 പൊലീസുകാർക്കു പരുക്കേറ്റു. മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയതും വേദിയിലേക്ക് കരിങ്കൊടിയുമായി എംഎസ്എഫ് പ്രവർത്തകർ ഓടിക്കയറാൻ ശ്രമിച്ചു. മന്ത്രിയെ അനുകൂലിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

കുറ്റിപ്പുറത്ത് നവീകരിച്ച മിനിപമ്പയുടെ സമർപ്പണത്തിനെത്തിയപ്പോഴും മന്ത്രിയുടെ വാഹനത്തിനു നേരെ മുട്ടയേറും കരിങ്കൊടി കാട്ടലും ഉണ്ടായി. 6 യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴും മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

‘ജലീലിനെ മാറ്റിനിർത്തി അന്വേഷിക്കണം’

വിവാദ ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മൗനം വെടിഞ്ഞു ജലീലിന്റെ രാജി ചോദിച്ചു വാങ്ങി മാതൃക കാണിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

related stories