യുവതിയെ കബളിപ്പിച്ച് പണം തട്ടിയവർ പിടിയിൽ

മല്ലപ്പള്ളി ∙ വിദേശത്ത് നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്സിൽ ഓൺലൈനായി അപേക്ഷിച്ച യുവതിയെ കബളിപ്പിച്ച് പണം അപഹരിച്ച 2 ഇതര സംസ്ഥാനക്കാരെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി നോയിഡ സ്വദേശികളായ ദർശൻസിങ് (33), സാദിഖ് (23) എന്നിവരെയാണ് തിങ്കളാഴ്ച ഗാസിയാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന കണ്ണിയായ അൻമോൽ തോമർ തന്ത്രപരമായി രക്ഷപ്പെട്ടു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. സലീം പറഞ്ഞു.

നോർക്ക റൂട്സിൽ അപേക്ഷിച്ച പാടിമൺ മേമഠത്തിൽ ഉഷസ് ജോർജിന്റെ പരാതിയിലാണ് അറസ്റ്റ്. നോർക്ക ഡൽഹി ഓഫിസിൽനിന്നാണെന്ന് വിശ്വസിപ്പിച്ച് പ്രതികളുടെ ഉത്തർപ്രദേശിലുള്ള അക്കൗണ്ടിലേക്ക് 5 മാസം മുൻപ് 4.75 ലക്ഷത്തോളം രൂപ പല തവണയായി നിക്ഷേപിപ്പിക്കുകയായിരുന്നു. മാസങ്ങൾക്കുശേഷം ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. തുടർന്ന് നോർക്കയിൽ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.