Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമ നിയന്ത്രണം: അപാകത പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

locked

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലും പൊതുവേദികളിലും പ്രവേശിക്കുന്നതിനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നതിനും മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയുള്ള ആഭ്യന്തര വകുപ്പിന്റെ സർക്കുലറിൽ അപാകതയുണ്ടോയെന്നു പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. സർക്കുലറിനെതിരെ രാഷ്ട്രീയ, മാധ്യമ പ്രവർത്തകരിൽ നിന്നു വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണു നിർദേശം.

അപാകത കണ്ടെത്തിയാൽ സർക്കുലറിൽ മാറ്റം വരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യും. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, കെപിസിസി മുൻ പ്രസിഡന്റ്് വി.എം. സുധീരൻ തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു.

അതേസമയം, ദൃശ്യമാധ്യമങ്ങൾക്കും മറ്റും കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശമാണിതെന്നാണ് അധികൃതർ പറയുന്നത്. ഫലത്തിൽ ഈ നിർദേശങ്ങൾ മാധ്യമ പ്രവർത്തകർ അനുസരിച്ചില്ലെങ്കിൽ പിആർഡി ഉദ്യോഗസ്ഥർ വെട്ടിലാകുന്ന സാഹചര്യം കൂടിയുണ്ട്.

പല നിർദേശങ്ങളും ഇപ്പോൾ തന്നെ നിലവിൽ ഉള്ളതാണ്. സെക്രട്ടേറിയറ്റിലെ പിആർഡി വകുപ്പിലേക്ക് അക്രഡിറ്റേഷൻ അല്ലെങ്കിൽ പ്രവേശന പാസ് ഉള്ളവരെ മാത്രമേ അനുവദിക്കൂവെന്നാണു സർക്കുലർ വ്യക്തമാക്കുന്നത്. മറ്റുള്ളവർക്കു സന്ദർശന സമയത്തു പ്രവേശിക്കാം.

പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റു പ്രശസ്തരുടെയും പ്രതികരണം നിർബന്ധപൂർവം എടുക്കുന്നതിനും നിയന്ത്രണമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ പൊതുസ്ഥലത്തു മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടെങ്കിൽ പിആർഡിയെ മുൻകൂട്ടി അറിയിക്കണം. അതിനു സമയം ലഭിക്കുന്നില്ലെങ്കിൽ നേരിട്ടും അറിയിക്കാം. മാധ്യമങ്ങളുമായി സംവദിക്കാൻ പിആർഡി പ്രത്യേക സ്ഥലം ഒരുക്കണം. അവിടെവച്ചു മാത്രം പ്രതികരണം എടുക്കണം. ഇതിന്റെ ചുമതല ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർക്കാണ്.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഗെസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പിആർഡിയുടെ അനുമതിയോടെ മാത്രമേ മാധ്യമങ്ങൾക്കു വിവിഐപികളെ കാണാനാവൂവെന്നും പറയുന്നു. മാധ്യമങ്ങളെ കാണുന്നുണ്ടെങ്കിൽ വിവിഐപികൾ പിആർഡിയെ മുൻകൂട്ടി അറിയിക്കണം. സെക്രട്ടേറിയറ്റ്് നോർത്ത്് ബ്ലോക്ക്്, അനക്സ് ഒന്ന്, രണ്ട്, എന്നിവിടങ്ങളിൽ താഴത്തെ നിലയിൽ പൊതുഭരണ വകുപ്പിലെ ഹൗസ്കീപ്പിങ് വിഭാഗവുമായി ആലോചിച്ച് ഇതിനുള്ള സൗകര്യം ഏർപ്പെടുത്താൻ പിആർഡി ഡയറക്ടറെ ചുമതലപ്പെടുത്തണം.

ഗെസ്റ്റ് ഹൗസ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിൽ സ്ഥിരം മീഡിയ കോർണറുകൾ തുറക്കുന്നതിനു പിആർഡി മുൻകയ്യെടുക്കണം. ജില്ലകളിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിപാടികൾ ,പത്രസമ്മേളനങ്ങൾ തുടങ്ങിയവയുടെ ഏകോപനം, പത്രക്കുറിപ്പുകളുടെ വിതരണം എന്നിവ ജില്ലാ ഇൻഫർമേഷൻ ഓഫിസർ മുഖാന്തരം ആയിരിക്കണം. ഇത് ഉറപ്പാക്കാൻ കലക്ടർമാരോടു നിർദേശിക്കണം.

സുരക്ഷ മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങളെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

സർക്കാരിന്റേത് പുതിയ പത്രമാരണ നിയമം: മുല്ലപ്പള്ളി

കോഴിക്കോട്∙ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാൻ സർക്കാർ നടത്തുന്ന ശ്രമം അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള സർക്കാർ പുതിയ പത്രമാരണ നിയമ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തു 

പത്രങ്ങളിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതിൽ പിന്നീട് ഇന്ദിരാ ഗാന്ധി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്കു നിയന്ത്രണം കൊണ്ടുവരുന്നതു ജനാധിപത്യവിരുദ്ധമാണ്. 

മുഖ്യമന്ത്രി ആദ്യം മുതൽ മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സമീപനമാണു കൈക്കൊണ്ടിരുന്നത്. ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയാറായില്ലെങ്കിൽ പ്രബുദ്ധ കേരളം മാപ്പു നൽകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയന്ത്രണമില്ല; നടപടി മാ‌ധ്യമങ്ങൾക്കു സൗകര്യം ഒരുക്കാൻ: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ മാധ്യമങ്ങൾക്കു നിയന്ത്രണം ഇല്ലെന്നും മാധ്യമ പ്രവർത്തകർക്കു വാർത്ത റിപ്പോർട്ടു ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുന്നതിനുള്ള നടപടികൾ മാത്രമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സദുദ്ദേശ്യത്തോടെയാണു നടപടി. മാധ്യമപ്രവർത്തകരുടെ സൗകര്യം മറ്റുള്ളവർ ദുരുപയോഗപ്പെടുത്താതിരിക്കാനാണു സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിന് അക്രഡിറ്റേഷൻ നിർബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

related stories