Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമങ്ങൾക്കു നിയന്ത്രണം: ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം ∙ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയുള്ള സർക്കുലർ സംബന്ധിച്ച ആശങ്ക പരിഹരിക്കുമെന്നും എല്ലാവർക്കും ഒരു പോലെ വാർത്ത ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

സർക്കുലറിലെ നിർദേശങ്ങൾ പബ്ലിക് റിലേഷൻസ് വകുപ്പ് അതേപടി നടപ്പാക്കാൻ നടപടികൾ‌ തുടരവെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രതികരിക്കാൻ മുഖ്യമന്ത്രി സ്വയം സന്നദ്ധനായാൽ മാത്രമേ മാധ്യമങ്ങൾ‌ പ്രതികരണം തേടി എത്തേണ്ടതുള്ളൂവെന്ന നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെ വിശദീകരണങ്ങൾ പിആർഡി വഴി മാത്രമാക്കി തുടങ്ങിയിട്ടുണ്ട്. 

മാധ്യമ പ്രവർത്തരുടെ എണ്ണം വർധിച്ചതു കണക്കിലെടുത്താണ് എല്ലാവർക്കും വാർത്ത ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പിആർഡി വഴി സൗകര്യമൊരുക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇൗ ക്രമീകരണം മാധ്യമപ്രവർത്തകർക്ക് സൗകര്യമായിരിക്കും. സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവർത്തകർ തള്ളിക്കയറുകയും മൈക്ക് കൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്യുന്നതൊക്ക ഇപ്പോൾ മാറിയിട്ടുണ്ട്. പിന്നാലെ ഓടി വന്നു  മുന്നിൽ കയറിനിന്നു ബഹളം വയ്ക്കുന്ന ശൈലി മാറണം. 

എല്ലാ മാധ്യമങ്ങൾക്കും കൃത്യമായി അറിയിപ്പു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കും. ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും സജീവമായ ഈ സമയത്ത് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾക്കായി മാധ്യമ പ്രവർത്തകർക്ക് അവരെ ഏതു സമയത്തും സമീപിക്കേണ്ടിവരുന്നതു സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories