Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ജീവനോപാധി നഷ്ടമായവർക്ക് 29 കോടിയുടെ സഹായം രണ്ടാഴ്ചയ്ക്കകം

Pinarayi Vijayan പിണറായി വിജയൻ

തിരുവനന്തപുരം∙ പ്രളയത്തിൽ ആടുമാടുകളും കോഴികളുമടക്കം ജീവനോപാധി നഷ്ടപ്പെട്ടവർക്കു സഹായമായി 29 കോടി രൂപ രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയബാധിതർക്കു സഹായമെത്തിക്കുന്നതിലും പുനർനിർമാണ പദ്ധതികൾ നടപ്പാക്കുന്നതിലും സർക്കാർ പൂർണപരാജയമെന്നാരോപിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്മേൽ നടന്ന ചർച്ചയിലാണു മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

എന്നാൽ പ്രളയാനന്തര നടപടികളിലെല്ലാം സർക്കാർ പരാജയപ്പെട്ടെന്നും ജീവനോപാധി നഷ്ടപ്പെട്ടവരുടെ പോലും കണക്കെടുത്തിട്ടില്ലെന്നാണു രണ്ടു ദിവസം മുൻപ് റവന്യു മന്ത്രി സഭയെ രേഖാമൂലം അറിയിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചർച്ചയിൽ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്കു വ്യക്തമായ മറുപടിയില്ലെന്നാരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.

നവകേരള പദ്ധതിക്കു ധനസഹായം തേടി വിദേശ രാജ്യങ്ങളിലേക്കു പോകാനിരുന്ന സംസ്ഥാന മന്ത്രിമാരെ കേന്ദ്ര സർക്കാർ ബോധപൂർവം തടഞ്ഞെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര വിദേശകാര്യ മന്ത്രിയെ കാണാൻ താൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. വകുപ്പു സെക്രട്ടറിയെ താനും ചീഫ് സെക്രട്ടറിയും ചേർന്നു കാണുകയും തടസ്സം നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടു ചീഫ് സെക്രട്ടറി നിരന്തരം ആവശ്യപ്പെട്ടിട്ടും അനുമതി ലഭിച്ചില്ല. മന്ത്രിമാർ വിദേശത്തു പോയി പണം സമാഹരിക്കരുതെന്നു മുൻകൂട്ടി കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്നതിന്റെ സൂചനയാണ് ഇൗ നടപടികൾ. കേന്ദ്രസഹായം നേടിയെടുക്കുന്നതിൽ സർക്കാരിനൊപ്പം നിൽക്കാമെന്ന ബോധോദയം പ്രതിപക്ഷത്തിനുണ്ടായതിൽ സന്തോഷമുണ്ടെന്നും പിണറായി പറഞ്ഞു.

വി.ഡി.സതീശൻ നൽകിയ അടിയന്തരപ്രമേയ നോട്ടിസാണു സർക്കാർ പതിവിനു വിരുദ്ധമായി ചർച്ച ചെയ്യാമെന്നറിയിച്ചത്. ദുരന്തമുണ്ടായി 100 ദിവസം പിന്നിട്ടിട്ടും നഷ്ടക്കണക്കെടുക്കാൻ കഴിയാത്ത ലോകത്തെ ഏക സർക്കാർ കേരളത്തിലാണെന്നു സതീശൻ ആരോപിച്ചു. തകർന്ന 20,000 വീടുകളിൽ ഒന്നു പോലും പുനർനിർമിച്ചിട്ടില്ല. ആ കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമാണ്. 500 വീടുകൾ നിർമിക്കാൻ സന്നദ്ധരായി വന്ന സംഘടനയ്ക്ക് ഇതുവരെ സർക്കാർ മറുപടി പോലും നൽകിയിട്ടില്ല.

മഴക്കാലത്തു കിട്ടുന്ന തുച്ഛമായ നഷ്ടപരിഹാരമാണു പ്രളയദുരിതാശ്വാസമെന്ന പേരിൽ കൃഷിക്കാർക്കു കൊടുത്തത്. ചെറുകിട വ്യാപാരികൾക്കു നൽകുമെന്നറിയിച്ച 10 ലക്ഷം രൂപയുടെ വായ്പ ഒരാൾക്കു പോലും കിട്ടിയിട്ടില്ല. പ്രളയ ധനസഹായമായി ഇതുവരെ സർക്കാരിനു കിട്ടിയ 4385 കോടി രൂപയിൽ 592 കോടിയേ ചെലവിട്ടിട്ടുള്ളൂവെന്നും സതീശൻ ആരോപിച്ചു. എന്നാൽ പൂർണമായി തകർന്ന 15,000 വീടുകളിൽ 3000 എണ്ണം പുനർനിർമാക്കാൻ മാത്രമാണ് ഇനി ഫണ്ട് വേണ്ടതെന്നു മുഖ്യമന്ത്രി അറിയിച്ചു. ശേഷിക്കുന്നവ പുനർനിർമിക്കുന്നതിനു പദ്ധതിയും ഫണ്ടും തയാറായിട്ടുണ്ട്. ചെറുകിട കച്ചവടക്കാരെ എങ്ങനെ സഹായിക്കാനാകുമെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories