വനിതാ മതിലും ശബരിമല പ്രശ്നവും തമ്മിൽ ബന്ധമില്ല: വെള്ളാപ്പള്ളി

ചേർത്തല ∙ വനിതാ മതിൽ വിജയിപ്പിക്കാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ എസ്എൻഡിപി യോഗത്തിന്റെ അടിയന്തര കൗൺസിൽ തീരുമാനം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൗൺസിലിലെ 2 വനിതാ അംഗങ്ങളെ ചുമതലപ്പെടുത്തി. കൗൺസിൽ യോഗം ഏകകണ്ഠമായാണു തീരുമാനമെടുത്തതെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

വനിതാ മതിലിനെക്കുറിച്ചു തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് ‘തുഷാർ വനിതയല്ലല്ലോ’ എന്നായിരുന്നു മറുപടി. വനിതാ മതിലിനെപ്പറ്റി ബിഡിജെഎസിന്റെ നിലപാട് ചർച്ച ചെയ്തില്ലെന്നു പാർട്ടി ചെയർമാൻ കൂടിയായ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. 

നവോത്ഥാനത്തിനും കൂട്ടായ്മയ്ക്കും വേണ്ടി സംഘടിപ്പിക്കുന്ന വനിതാ മതിലും ശബരിമല പ്രശ്നവും തമ്മിൽ ഒരുബന്ധവുമില്ലെന്നും രണ്ടും കൂട്ടിക്കുഴയ്ക്കാനും യോഗത്തിൽ വിള്ളലുണ്ടാക്കാനും ചില ഗൂഢശ്രമങ്ങൾ നടന്നെന്നും വെള്ളപ്പാള്ളി നടശേൻ പറഞ്ഞു. ശബരിമല പ്രശ്നം കൗൺസിൽ ചർച്ച ചെയ്തില്ല. യോഗം ഭക്തർക്കൊപ്പമാണ്. യുവതികളായ വിശ്വാസികൾ ശബരിമലയിൽ പോകില്ലെന്നാണു കരുതുന്നത്. എന്നാൽ, അതിന്റെ പേരിൽ തെരുവിലിറങ്ങരുതെന്ന് അംഗങ്ങളെ ഉപദേശിച്ചിട്ടുണ്ട്. നയപരമായി പല കാര്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നവോത്ഥാനത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ അതിൽ പങ്കെടുക്കാൻ യോഗത്തിന് ഉത്തരവാദിത്തമുണ്ട്. 

ഇന്നലെ വരെ എതിർത്തെന്നു കരുതി പിണറായി വിജയൻ ശരി പറഞ്ഞാൽ കൂടെ നിൽക്കും. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും വരുന്നതിനു മുൻപേ നവോത്ഥാനം തുടങ്ങിയ സംഘടനയാണ് എസ്എൻഡിപി യോഗം. ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ വലിയ നവോത്ഥാന ശ്രമമായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതു വൈകിയെങ്കിലും വന്ന വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.