ഫാ. ജോബ് വധം: പ്രതിയുടെ ഇരട്ടജീവപര്യന്തം റദ്ദാക്കി

Representational Image

കൊച്ചി/ തൃശൂർ ∙ ചാലക്കുടി തിരുത്തിപ്പറമ്പ് വരപ്രസാദ മാതാ പള്ളി വികാരി ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ (72) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുത്തിപ്പറമ്പ് പന്തൽക്കൂട്ടം രഘുകുമാറിന്റെ (43) ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതിയെ വിട്ടയച്ചു. പ്രതി കുറ്റം ചെയ്തതായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ശിക്ഷാവിധിക്കെതിരെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ അപ്പീൽ പരിഗണിച്ചാണു കോടതി നടപടി. പള്ളിമേടയിലെ വരാന്തയിൽ 2004 ഓഗസ്‌റ്റ് 28 തിരുവോണ ദിവസം രാവിലെ ആറുമണിയോടെയാണ് ഫാ. ചിറ്റിലപ്പിള്ളിയെ രക്‌തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രമിച്ചു കയറൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കാണ് എറണാകുളം സിബിഐ പ്രത്യേക കോടതി 2012ൽ ഇരട്ട ജീവപര്യന്തവും 35,000 രൂപ പിഴയും വിധിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും തുടർന്നു സിബിഐയും കേസ് അന്വേഷിച്ചു. രഘുവാണു കൊലപാതകം ‌നടത്തിയതെന്നായിരുന്നു എല്ലാ അന്വേഷണ സംഘങ്ങളുടെയും കണ്ടെത്തൽ.

പള്ളിയുടെ അടുത്തായിരുന്നു രഘുവിന്റെ വീട്. ഫാ. ചിറ്റിലപ്പിള്ളിയോടു പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. കേസിൽ മറ്റു ചിലർകൂടി പ്രതികളാണെന്നുള്ള ആരോപണം ഉയർന്നിരുന്നെങ്കിലും രഘുവിനല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണശേഷം സിബിഐ വ്യക്തമാക്കിയിരുന്നു.