ഫെയ്സ്ബുക് പ്രണയം; പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

ജിൻസ് സജി

കടുത്തുരുത്തി ∙ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശത്താക്കി പീഡിപ്പിച്ചുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പെരുന്തുരുത്ത് ജിത്തുഭവനിൽ ജിൻസ് സജി(24) ആണ് അറസ്റ്റിലായത്. പെയിന്റിങ് തൊഴിലാളിയാണ്. ചതിയിൽപെട്ട പെൺകുട്ടിയെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പലിന് വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ ഇക്കാര്യം ഓപ്പറേഷൻ ഗുരുകുലം ടീമിനു കൈമാറിയതോടെയാണ് ജിൻസിനെ പൊലീസ്  കസ്റ്റഡിയിലെടുത്തത്.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ഓപ്പറേഷൻ ഗുരുകുലം ഓപ്പറേഷനൽ മേധാവികൂടിയായ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇരുപത്തഞ്ചിലധികം പെൺകുട്ടികളെ ഇയാൾ ചതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ചതിയിൽപ്പെട്ട പെൺകുട്ടികളെയും കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗുരുകുലം ടീം. സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അരുൺകുമാർ, എഎസ്ഐ കെ.ആർ.പ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫിസർ കെ.എം. മിനിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.