സമൂഹമാധ്യമങ്ങളിലൂടെ ‘വനിത’ പകർപ്പുകൾ; ഒരാൾ അറസ്റ്റിൽ

കെ.എം. സാം

കോട്ടയം ∙ ‘വനിത’ ദ്വൈവാരികയുടെ പിഡിഎഫ് പകർപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പത്തനംതിട്ട ഇരവിപേരൂർ വള്ളംകുളം ഈസ്റ്റ് കടുംപള്ളിൽ കെ.എം. സാമിനെ (38) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വാട്സാപ് ഗ്രൂപ്പ് വഴി ‘വനിത’യുടെ നവംബറിലെ 2 ലക്കങ്ങൾ പ്രചരിപ്പിച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. വിവിധ ഗ്രൂപ്പുകളിലേക്ക് ഇതു ഫോർവേഡ് ചെയ്തിരുന്നതായും കണ്ടെത്തി. ഐടി ആക്ട് പ്രകാരവും പകർപ്പവകാശ നിയമപ്രകാരവുമാണ് അറസ്റ്റ്.

സംഭവത്തിൽ മറ്റു ചിലരും നിരീക്ഷണത്തിലാണെന്നും ഇത്തരത്തിൽ പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫ് ഫയലുകൾ ഷെയർ ചെയ്യുന്നതു കുറ്റകൃത്യമാണെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നൽകിയ പരാതിയിൽ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇൗസ്റ്റ് സിഐ ടി.ആർ.ജിജു, സിപിഒമാരായ അനീഷ്, ടി.സി.സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.