വരന്തരപ്പിള്ളി എടിഎം കവർച്ചാശ്രമം: രണ്ടു പേർ അറസ്റ്റിൽ

ചാലക്കുടി ∙ വരന്തരപ്പിള്ളി റിങ് റോഡിലെ സ്റ്റേറ്റ് ബാങ്ക് എടിഎം തകർത്തു കവർച്ചയ്ക്കു ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. വേലൂപ്പാടം നീരോലിപ്പാടൻ സിന്റോ (28), മുപ്ലിയം ചിറയത്ത് സമൽ (22) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തുരിൽ കുഴൽപ്പണം കൊള്ളയടിക്കൽ ശ്രമത്തിലടക്കം പല കേസുകളിലും പ്രതിയാണ് സമൽ. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണു പ്രതികളെ കുടുക്കാൻ സഹായകരമായത്.

കഴിഞ്ഞ ഒന്നിനു രാത്രിയായിരുന്നു കവർച്ചാശ്രമം. അലാം മുഴങ്ങിയതോടെ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചു. രാജസ്ഥാൻ സ്വദേശികൾ അടുത്തയിടെ സംസ്ഥാനത്തു വിവിധ എടിഎമ്മുകൾ തകർത്തു 35 ലക്ഷത്തോളം രൂപ കവർന്ന വാർത്ത വായിച്ച ശേഷമാണ് ഇവർ എടിഎം കുത്തിത്തുറക്കാനുള്ള പദ്ധതി തയാറാക്കിയത്. ആളൊഴിഞ്ഞ എടിഎമ്മിനായി ഇവർ 3 ദിവസം നിരീക്ഷണം നടത്തി. കൂടാതെ അന്ന് എടിഎമ്മിൽ പണം നിറയ്ക്കുന്നതും ശ്രദ്ധിച്ചിരുന്നു. മുഖവും മറ്റും തുണി ഉപയോഗിച്ച് മറച്ച ശേഷമാണ് പ്രതികൾ എടിഎം കൗണ്ടറിനുള്ളിലെത്തിയത്. ലിവർ ഉപയോഗിച്ച് എടിഎം യന്ത്രത്തിന്റെ വാതിൽ തകർത്തെങ്കിലും പണം നിറച്ച ട്രേകൾ ഉള്ള ഭാഗം തകർക്കാനായില്ല. കൂടുതൽ ഉപകരണങ്ങൾ എടുക്കാനായി പുറത്തിറങ്ങുന്നതിനിടെ അലാം മുഴങ്ങുകയായിരുന്നു.

പ്രതികളെ 5 ദിവസത്തിനകം കുടുക്കാനായത് പൊലീസിന് ആശ്വാസമായി. വരന്തരപ്പിള്ളി മേഖലയിലെ ഒട്ടേറെ നിരീക്ഷണ ക്യാമറകളും ഒരു ലക്ഷത്തിലേറെ ഫോൺ വിളികളും പരിശോധിച്ചതോടെയാണ് പൊലീസിനു വ്യക്തമായ ചിത്രമായത്. വേലുപ്പാടം പള്ളിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബസിൽനിന്നു ലിവർ സംഘടിപ്പിച്ചാണ് എടിഎം തുറക്കാൻ ശ്രമം നടത്തിയത്. അലാം മുഴങ്ങിയ വിവരം ബാങ്കിന്റെ മുംബൈ ഓഫിസിൽനിന്ന് തൃശൂർ പൊലീസിനെ അന്നുതന്നെ അറിയിച്ചിരുന്നു. വരന്തരപ്പിള്ളിക്കു സമീപപ്രദേശങ്ങളിലാണ് പ്രതികളുടെ വീടുകൾ. ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് അംഗങ്ങളാണു വേലൂപാടത്തുനിന്നു പ്രതികളെ പിടികൂടിയത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേകാന്വേഷണ സംഘത്തലവൻ ക്രൈം സ്ക്വാഡ് എസ്ഐ വി.എസ്. വത്സകുമാർ, വരന്തരപ്പിള്ളി എസ്ഐ ചിത്തരഞ്ചൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ വി.എസ്. വത്സകുമാർ, എഎസ്ഐ ജിനുമോൻ തച്ചേത്ത്, സീനിയർ സിപിഒമാരായ സതീശൻ മടപ്പാട്ടിൽ, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, ടി.ജി. മനോജ്, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും വരന്തരപ്പിള്ളി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.കെ. വിശ്വനാഥൻ, എഎസ്ഐ സത്യനാരായണൻ, ജോസഫ്, ബൈജു, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.