കുറ്റം ‘അടിച്ചേൽപിച്ചു’; ഒടുവിൽ യഥാർഥ പ്രതി പിടിയിൽ

വിനോജ്കുമാർ

കൊല്ലം ∙ നിരന്തര മോഷണം തലവേദനയായതോടെ കയ്യിൽ കിട്ടിയ ആളെ പൊലീസ് പ്രതിയാക്കി. ‘മോഷ്ടാവ്’ അകത്തായിട്ടും മോഷണത്തിനു കുറവുണ്ടായില്ല. ഒടുവിൽ യഥാർഥ പ്രതി അറസ്റ്റിലായതോടെ പൊലീസ് വെട്ടിലായി. നിയമപാലകരുടെ ക്രൂരതയ്ക്കെതിരെ കരിക്കോട് മങ്ങാട് രജിത ഭവനിൽ വിനോജ്കുമാർ (44) പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയെയും ഡിജിപിയെയും സമീപിച്ചു. പരാതിയുമായി മുന്നോട്ടുപോകരുതെന്ന ആവശ്യവുമായി ആദ്യം അനുനയവും ഇപ്പോൾ ഭീഷണിയുമായി പൊലീസ് വിനോജിന്റെ പിന്നാലെയാണ്.

കൊല്ലം ജില്ലയിൽ എഴുകോൺ, കുഴിമതിക്കാട്, നെടുമൺകാവ് പ്രദേശങ്ങളിൽ മോഷണം പെരുകിയതിനെത്തുടർന്ന് ഹർത്താൽ ഉൾപ്പെടെ നടന്നതോടെ പൊലീസ് സമ്മർദത്തിലായിരുന്നു. കഴിഞ്ഞ ജൂലൈ 20ന് ആണു വിനോജിനെ കൊട്ടാരക്കരയിലെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. 2 മാസം കൊണ്ടു നാൽപതിലേറെ മോഷണം നടത്തിയ കുറ്റവാളി എന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ ശരീരത്തിൽ മുളക് എസൻസ് തേച്ചും മർദിച്ചും കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നു വിനോജ് പറയുന്നു.

ഇതിനിടെ, യഥാർഥ പ്രതി കൊല്ലം ഷാഡോ പൊലീസിന്റെ പിടിയിലായി. അമളി മനസ്സിലായെങ്കിലും നടപടി ഭയന്നു പൊലീസ് കേസ് പിൻവലിച്ചില്ല. 40 കേസുകളിൽ മൂന്നെണ്ണം വിനോജിന്റെമേൽ തന്നെ ചുമത്തി. ഒടുവിൽ ജാമ്യത്തിൽ പുറത്തിറങ്ങി. മുൻപു സൗദിയിലായിരുന്ന വിനോജ് മടങ്ങിയെത്തിയ ശേഷം പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. അന്നത്തെ കൊട്ടാരക്കര ഡിവൈഎസ്പി മുതൽ എഴുകോൺ എസ്ഐ വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണു വിനോജിന്റെ പരാതി.