ജസ്റ്റിസ് പരിപൂർണന്റെ വിധി ഭരണഘടനാ വീഴ്ച: മന്ത്രി മണി

പാലക്കാട് ∙ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച ജസ്റ്റിസ് പരിപൂർണന്റെ മുൻ ഹൈക്കോടതിവിധി ഭരണഘടനാപരമായ വീഴ്ചയാണെന്നു മന്ത്രി എം.എം. മണി. ഭരണഘടന സ്ത്രീ–പുരുഷ സമത്വം അവകാശപ്പെടുമ്പോൾ ഇത്തരമൊരു വിധി വന്നതു പരിശോധിക്കപ്പെടണം. ജസ്റ്റിസ് പരിപൂർണൻ വിശ്വാസിയായതു കൊണ്ടാണ് യുവതീപ്രവേശം വിലക്കിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

യുവതീപ്രവേശത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കും. ഒരുലക്ഷം വനിതകളെ കെട്ടും കെട്ടിച്ചു ശബരിമലയിലെത്തിക്കാൻ സർക്കാരിനു കഴിയുമെങ്കിലും ചെയ്യില്ല. ഇഷ്ടമുള്ളവർക്കു പോകാം. പോകുന്നവർക്കു സംരക്ഷണം നൽകും. ഇല്ലെങ്കിൽ അതു ഭരണഘടനാ ലംഘനമാകും. നവോത്ഥാനമൂല്യം, സ്ത്രീ സമത്വം എന്നിവ ലക്ഷ്യമാക്കി നടത്തുന്ന വനിതാ മതിൽ സർക്കാർ പരിപാടിയാണ്. വനിതാ മതിലിനോടൊപ്പം സമാന്തരമായി പുരുഷമതിലും ഉണ്ടാകും. വനിതകൾക്കു സംരക്ഷകരായി വരുന്നവരായിരിക്കും അവരെന്നും ‌മന്ത്രി പറഞ്ഞു.