വലിയനടപ്പന്തലിൽ വിരിവയ്ക്കാമെന്ന് ദേവസ്വം; അനുവദിക്കാതെ പൊലീസ്

ശബരിമല∙ അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഇന്നലെ വൈകിട്ട് 6.30 വരെ മലകയറി സന്നിധാനത്ത് എത്തിയത് 45236 പേർ. ശനിയാഴ്ചയെ അപേക്ഷിച്ച് തിരക്കു കുറവായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് അയ്യപ്പ സ്വാമിക്കു കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് രാജീവര് കാർമികത്വം വഹിച്ചു.ഉച്ചയ്ക്കു ശേഷം നടതുറന്നപ്പോൾ മാത്രമാണ് ചെറിയ തോതിൽ ക്യു കാണപ്പെട്ടത്. ദീപാരാധന സമയത്തും തിരക്കില്ലായിരുന്നു.

സന്നിധാനത്തെ വലിയ നടപ്പന്തലിൽ വിരിവയ്ക്കാൻ ഇപ്പോഴും അനുവാദമില്ല .വലിയ നടപ്പന്തലിൽ വിരിവയ്ക്കാൻ‌ തടസ്സമില്ലെന്നു ദേവസ്വം ബോർഡ് പലതവണ പ്രസ്താവന നടത്തിയെങ്കിലും പൊലീസ് അനുവദിച്ചിട്ടില്ല.

മാളികപ്പുറത്തിനടുത്ത് പഴയ അന്നദാന മണ്ഡപം, പാണ്ടിത്താവളം, മാങ്കുണ്ട അയ്യപ്പനിലയം, ഉരക്കുഴി പാണ്ടിത്താവളത്തിടത്തുള്ള മൂന്നിടങ്ങൾ എന്നിവിടങ്ങളിൽ വിരിവയ്ക്കാൻ സൗകര്യമുണ്ട്. പാണ്ട‌ിത്താവളത്തിലെ മാങ്കുണ്ട അയ്യപ്പനിലയത്തിൽ സൗകര്യമുണ്ടെങ്കിലും ദൂരക്കൂടുതൽ കാരണം മിക്കവരും അങ്ങോട്ടു പോകുന്നില്ല.എല്ലാവരും സന്നിധാനത്തോടു ചേർന്നു വിരിവയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.