മേപ്പയൂരിൽ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണശ്രമം

മേപ്പയൂരിൽ കവർച്ചാശ്രമം നടന്ന കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.

മേപ്പയൂർ ∙ ബസ്‌ സ്റ്റാൻഡിന്റെ മുൻവശത്തെ പയ്യോളി കാനറ ബാങ്ക് എടിഎം കൗണ്ടറിൽ വൻ കവർച്ചാ ശ്രമം. എടിഎമ്മിന്റെ മുൻഭാഗം കമ്പിപ്പാരകൊണ്ടു കുത്തിത്തുറന്നെങ്കിലും ലോക്കർ തകർക്കാൻ കഴിയാഞ്ഞതിനാൽ പണം നഷ്‌ടപ്പെട്ടിട്ടില്ല. ശനിയാഴ്ച വൈകിട്ട് പണം നിറച്ചിരുന്നു. 14 ലക്ഷം രൂപ മെഷീനകത്തുണ്ടായിരുന്നതായി ബാങ്ക് മാനേജർ എഡ്‌വിൻ സി. ആന്റണി പറഞ്ഞു.

വാഹനത്തിന്റെ വെളിച്ചമോ മറ്റോ കണ്ടതുകൊണ്ട് മോഷ്‌ടാക്കൾ ഓടി മറഞ്ഞതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. കൗണ്ടറിലെ നിരീക്ഷണ ക്യാമറ കേടുവന്നിട്ട് 3 മാസത്തിലധികമായി. വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധൻ നടത്തിയ പരിശോധനയിൽ മെഷീന്റെ മുകളിൽ വിരലടയാളങ്ങൾ കണ്ടെത്തി. പയ്യോളിയിൽ നിന്ന് പൊലീസ് നായയെ എത്തിച്ചു പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.