ദേശീയപാതയിലും എംസി റോഡിലും 26ന് ജ്യോതി തെളിച്ച് പ്രതിഷേധം

കൊച്ചി ∙ ശബരിമലയെ തകർക്കാൻ സർക്കാർ നീക്കം നടത്തുന്നതായി ആരോപിച്ച്, ‘അയ്യപ്പ ജ്യോതി’ തെളിക്കാനും ജില്ലകൾ തോറും യുവതീ സംഗമം നടത്താനും ഹിന്ദു സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയപാതയിൽ വൈകിട്ട് 6 മുതൽ 7 വരെയാണ് ജ്യോതി തെളിക്കുക.

അങ്കമാലി മുതൽ പാറശാലവരെ എംസി റോഡിലും ഇതുണ്ടാവും. പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗം, അയ്യപ്പൻവിളക്ക് എന്നിവ നടത്തും. 15, 16, 17 തീയതികളിൽ വീടുകളിൽ ശബരിമല കർമസമിതി പ്രവർത്തകർ ഒപ്പു ശേഖരണം നടത്തി, ഭീമഹർജി രാഷ്ട്രപതിക്കു സമർപ്പിക്കും. മഹിളാ ഐക്യവേദിയുമായി ചേർന്നാണു ജില്ലാ കേന്ദ്രങ്ങളിൽ യുവതീസംഗമം. പ്രധാന കേന്ദ്രങ്ങളിൽ വിചാരസദസും സെമിനാറുമുണ്ടാകും.

സാമുദായിക, ആധ്യാത്മിക സംഘടനകളുടെ വനിതാ നേതാക്കളുടെ യോഗം 18ന് 10ന് കോട്ടയം സ്വാമിയാർമഠത്തിലും കർമസമിതിയുടെ അഖിലേന്ത്യാ യോഗം 19ന് ബെംഗളുരുവിലും ചേരും. സുപ്രീം കോടതിയിലെ പുനഃപരിശോധനാ ഹർജി സംബന്ധിച്ചു വിശദമായ യോഗം അടുത്തയാഴ്ച നടത്തും.

നേതൃയോഗത്തിൽ കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ക്ഷേത്ര സംരക്ഷണ സമിതി വർക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണൻ, ശബരിമല സേവാ സമാജം സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.