കുട്ടികൾക്കെതിരെ ഓൺലൈൻ ലൈംഗിക അതിക്രമം: പൊലീസിനു പ്രത്യേക സംഘം

തിരുവനന്തപുരം ∙ ഓൺലൈൻ വഴി കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലീസ് കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ പ്രത്യേക സംഘത്തിനു രൂപം നൽകി. ‌തിരുവനന്തപുരം റേഞ്ച്് ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് ഏബ്രഹാമിനാണു പൂർണ ചുമതല. പൊലീസ് ചൈൽഡ് പ്രൊട്ടക്‌ഷൻ നോഡൽ ഓഫിസറായ ക്രൈം ബ്രാഞ്ച്് ഐജി: എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലാകും സംഘത്തിന്റെ പ്രവർത്തനം.

ഓൺലൈൻ വഴി കുട്ടികൾക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനു ഡിജിറ്റൽ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു കുട്ടികളെ ചൂഷണം ചെയ്യുന്നതു കണ്ടെത്താൻ സൈബർ പട്രോളിങ് നടത്തുക, മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീഷ്് കുമാർ, റെയിൽവേ പൊലീസ് സൂപ്രണ്ട് മെറിൻ ജോസഫ്, സ്പെഷൽ ബ്രാഞ്ച്് ഡിവൈഎസ്പി: മുഹമ്മദ് ഷാഫി, പൊലീസ് ട്രെയിനിങ് കോളജ് വൈസ് പ്രിൻസിപ്പൽ എ.വി.സുനിൽ കുമാർ എന്നിവർ ഉൾപ്പെടെ 13 പേർ സംഘത്തിൽ ഉണ്ടായിരിക്കും.