Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടക്ടർമാർക്ക് 2 ദിവസം കൊണ്ട് പരിശീലിക്കാം: ഹൈക്കോടതി

high-court-kerala-5

കൊച്ചി ∙ ഡ്രൈവിങ് പരിശീലനം പോലെയല്ല, പണം വാങ്ങി ടിക്കറ്റ് നൽകാൻ കണ്ടക്ടർമാർക്കു രണ്ടു ദിവസം കൊണ്ടു പരിശീലിക്കാവുന്നതാണെന്നു ഹൈക്കോടതി. കണ്ടക്ടർ നിയമനത്തിനു പിഎസ്‌സി നിയമന ശുപാർശ ചെയ്തവരെ 2 ദിവസത്തിനകം നിയമിക്കാനുള്ള ഉത്തരവിനിടയിലാണ് ഈ പരാമർശം. കോടതി ഉത്തരവ് സർവീസുകളെ ബാധിച്ചെന്നു പൊതുജനത്തിനു തോന്നലുണ്ടാകരുതെനനു നിർദേശിച്ചു.

കെഎസ്ആർടിസിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇത്രയും കാലം ഭരണഘടനയോടുള്ള അവഹേളനമാണു കാണിച്ചതെന്നും വാദത്തിനിടെ പരാമർശിച്ചു. നഷ്ടത്തിലുള്ള കോർപറേഷൻ ശമ്പളത്തിന് 90 കോടി രൂപയും പെൻഷന് 60 കോടി രൂപയും കണ്ടെത്താൻ വിഷമിക്കുകയാണെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകൻ പറഞ്ഞു. പുതിയ ആളുകളെ ഉൾക്കൊള്ളിക്കാവുന്ന സാഹചര്യമല്ലെങ്കിലും കോടതി ഉത്തരവു നടപ്പാക്കുകയാണ്. പിഎസ്‌സിക്കാരെ നിയമിക്കാൻ 6 മാസമായി പറയുന്നതാണെന്നു കോടതി പറഞ്ഞു.

പിഎസ്‌സിയുടെ അഡ്വൈസ് മെമോ കിട്ടിയിട്ടും നിയമനം കിട്ടുന്നില്ലെന്നു കാണിച്ച് പാലക്കാട് സ്വദേശി ആന്റണി സ്റ്റിജോയും മറ്റും നൽകിയ അപ്പീലാണ് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കോടതി നിർദേശപ്രകാരം 4071 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതായി കെഎസ്ആർടിസി അറിയിച്ചു. ഇന്നലെ മുതൽ ഒരു യൂണിറ്റിലും എംപാനലുകാരുടെ സേവനം വിനിയോഗിക്കുന്നില്ല. പിഎസ്‌സി പട്ടികയിലുള്ളവരുടെ നിയമന നടപടി എത്രയും വേഗം പൂർത്തിയാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

അവധി റദ്ദാക്കാൻ അഭ്യർഥന; അധിക ഡ്യൂട്ടിക്കില്ലെന്ന് ജീവനക്കാർ

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ അടിയന്തര സാഹചര്യം നേരിടാൻ, അവധിയിലുള്ള എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചു. പ്രതിവാര അവധി ദിനത്തിലും ഡ്യൂട്ടിക്കെത്താൻ അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ, അധിക വേതനമുള്ള ഓവർടൈം ഡ്യൂട്ടി എടുക്കാൻ സ്ഥിരം ജീവനക്കാർ തയാറാകുന്നില്ല. പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് മാനസിക പിന്തുണ നൽകിയുള്ള ഈ നീക്കം, പ്രതിസന്ധി നേരിടാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിനു തിരിച്ചടിയായി.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തിയ ശേഷം അധിക ഡ്യൂട്ടിക്ക് എംപാനൽ വേതനമാണു നൽകിയിരുന്നത്. ഇത് സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടി വേതനം തന്നെയാക്കി ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. എംപാനലുകാരുടെ വേദനയിൽ പങ്കുചേരണമെന്നും അധിക ഡ്യൂട്ടി എടുക്കരുതെന്നും ആഹ്വാനം ചെയ്ത് വിവിധ ഡിപ്പോകളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. 'ഇന്നു ഞാൻ..നാളെ നീ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയ കെഎസ്ആർടിസി മാനേജ്മെന്റ് എന്തിനാണ് ഓവർ ടൈം ഡ്യൂട്ടി എടുക്കാൻ നിർബന്ധിക്കുന്നതെന്നാണ് സംഘടനകളുടെ ചോദ്യം.

ഡ്രൈവർമാർക്കും ശമ്പളം മുടങ്ങാം

കൊച്ചി ∙ കണ്ടക്ടർമാരില്ലാത്തതിനാൽ ഡ്രൈവർമാർക്കു ശമ്പളം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഡ്രൈവർമാർ ജോലിക്കു ഹാജരായാലും സർവീസിനു പോയാൽ മാത്രമേ ശമ്പളം ലഭിക്കൂ. പല ഡിപ്പോകളിലും ഡ്രൈവർമാർ ഒപ്പിടുന്നുണ്ടെങ്കിലും ജോലിയില്ലാത്തതിനാൽ ശമ്പളം ലഭിക്കില്ലെന്ന പ്രശ്നമുണ്ട്. വരുമാനത്തിൽ‌ കാര്യമായ കുറവില്ല പതിവു ട്രിപ്പുകൾ കുറഞ്ഞെങ്കിലും ശബരിമല സർവീസുകളിൽ തിരിക്കേറിയതോടെ കെഎസ്ആർടിസിയുടെ വരുമാനത്തിൽ കാര്യമായ കുറവില്ല. 5194 ബസുകളിൽ നിന്നായി 7.4 കോടി രൂപയാണ് തിങ്കളാഴ്ചത്തെ വരുമാനം. ഈ മാസം 10 ലെ വരുമാനത്തെ അപേക്ഷിച്ച് കാര്യമായ കുറവില്ല.