Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടക്ടർ: പിഎസ്‌സി നിയമനം പൂർത്തിയാകും വരെ താൽക്കാലികമായി എടുക്കാം

chunck-bus-ksrtc

കൊച്ചി ∙ കെഎസ്ആർടിസി കണ്ടക്ടർ ഒഴിവുകളിൽ പിഎസ്‌സി നിയമനം പൂർത്തിയാകും വരെ സർവീസ് തടസ്സപ്പെടാതിരിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പുതിയ ആളെ എടുക്കുകയോ, നിയമം അനുവദിക്കുമെങ്കിൽ എംപാനൽ കണ്ടക്ടർമാരെ താൽക്കാലികാടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കുകയോ ചെയ്യാമെന്നു ഹൈക്കോടതി. പിഎസ്‌സി ശുപാർശ ചെയ്തവരെ നിയമിച്ച ശേഷമുള്ള ഒഴിവുകളിലും കെഎസ്ആർടിസി വിജ്ഞാപനം ചെയ്തു പിഎസ്‌സി റിക്രൂട്ട്മെന്റ് നടത്തണം. റിക്രൂട്ട്മെന്റ് പൂർത്തിയാകുംവരെ സർവീസ് എങ്ങനെ നടത്തുമെന്നതാണു കെഎസ്ആർടിസിയുടെ മുന്നിലുള്ള പ്രശ്നമെന്നു കോടതി പറഞ്ഞു.

മടിച്ചാണെങ്കിലും പിഎസ്‌സി പട്ടികയിലുള്ളവർക്കു നിയമനം നൽകിയത് ഉചിതമായെന്നു കോടതി വിലയിരുത്തി. സ്ഥിരം ജീവനക്കാർ ദീർഘകാല അവധിയെടുക്കുന്നതു ശരിയല്ലെന്നും കോടതി പറഞ്ഞു. എണ്ണൂറോളം സ്ഥിരം ജീവനക്കാർ ദീർഘ അവധിയിലാണെന്ന വാദമുയർന്ന സാഹചര്യത്തിലാണിതു പറഞ്ഞത്. പിരിച്ചുവിടപ്പെട്ട എംപാനൽ കണ്ടക്ടർമാരെയും അവരുടെ യൂണിയനുകളെയും കേസിൽ കക്ഷിചേർത്തു. ജനുവരി 7 നു വീണ്ടും പരിഗണിക്കും. പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ കോടതിയുടെ പുതിയ നിർദേശപ്രകാരം തിരിച്ചെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടും.  

താൽക്കാലിക നിയമനങ്ങൾ ക്രമപ്പെടുത്താൻ കെഎസ്ആർടിസിയും തൊഴിലാളി യൂണിയനുകളും തമ്മിൽ കരാറുണ്ടാക്കിയതു ഭരണഘടനാ വ്യവസ്ഥകൾക്കു നിരക്കുന്നതല്ലെന്ന് ഹൈക്കോടതി പറഞ്ഞു. എംപാനലുകാരുടെ കാര്യത്തിൽ കെഎസ്ആർടിസിക്കു വന്ന പിഴവുകളും കോടതി ചൂണ്ടിക്കാട്ടി: 

1. കെഎസ്ആർടിസി നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ളവരെ കാലാവധിക്കു ശേഷവും തുടരാൻ അനുവദിച്ച് സർവീസിൽ ക്രമപ്പെടുത്തിയുള്ള ബദൽ നിയമന രീതി അനുവദനീയമല്ല.

2. എംപാനൽ കണ്ടക്ടർമാർ വെറും 180 ദിവസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലികമായ നിയോഗിക്കപ്പെട്ടവരാണ്. നിശ്ചിത കാലാവധി കഴിഞ്ഞും തുടരാൻ അനുവദിച്ചതു സർവീസ് ചട്ടലംഘനമാണ്. മറ്റൊരു കോർപറേഷനും ഇങ്ങനെ ചെയ്യില്ല. 

3. 2013 മേയ് 19നു പ്രസിദ്ധപ്പെടുത്തിയ റാങ്ക് പട്ടികയിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ നൽകിയിരുന്നു. 2016 മാർച്ച് 31നു പട്ടിക കാലഹരണപ്പെട്ടു. ഒഴിവുകളിൽ എംപാനലുകാരെ നിയോഗിച്ച്, പിഎസ്‌സിക്കാരെ ദീർഘകാലം കാത്തു നിർത്തരുതായിരുന്നു. 

നിലവിലെ സ്ഥിതി 

സർവീസിൽ ക്രമപ്പെടുത്താത്ത 4071 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടു. പിഎസ്‌സിയുടെ ശുപാർശ കിട്ടിയിട്ടും നിയമനം കിട്ടുന്നില്ലെന്നു കാണിച്ച് പാലക്കാട് സ്വദേശി ആന്റണി സ്റ്റിജോയും മറ്റും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

2013 നവംബർ 21ലെ സർക്കാർ ഉത്തരവനുസരിച്ച്, നിശ്ചിത സേവനമുള്ളവരെ ക്രമപ്പെടുത്തിയതിനു പുറമെയുള്ളവരാണിവർ. പിഎസ്‌സി പട്ടികയിൽനിന്നു ശുപാർശ കിട്ടിയ 4051 പേരോട് റിപ്പോർട്ട് ചെയ്യാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടു. ഇവരിൽ ജോലിക്കു തയാറുള്ളവരെ നിയമിച്ചാലും ബാക്കി ഒഴിവുണ്ടാകുമെന്ന വാദമുന്നയിച്ചാണ് എംപാനൽ കണ്ടക്ടർമാർ കക്ഷിചേർന്നത്. 

3 ദിവസത്തിനകം പ്രശ്നം തീരും 

കെഎസ്ആർടിസി സർവീസ് വെട്ടിക്കുറയ്ക്കുന്നതുമൂലമുള്ള പ്രതിസന്ധി 3 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പിഎസ്‍സി വഴി നിയമനം നേടിയവർ 2 ദിവസത്തിനുള്ളിൽ റൂട്ടിലെത്തും. പ്രതിസന്ധി മറികടക്കാൻ കൂടുതൽ സർക്കാർ സഹായം നൽകുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.