Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താളം തെറ്റി ട്രെയിൻ ഗതാഗതവും കെഎസ്ആർടിസിയും; അവധിക്കാലം പെരുവഴിയിൽ

travel

ക്രിസ്മസ് അവധിക്കായി സ്കൂളുകളും കോളജുകളും അടച്ചതോടെ ഹോസ്റ്റലിൽ കഴിയുന്ന കുട്ടികളുടെ മടക്കയാത്ര ആരംഭിച്ചു. അവധിക്കാലം സ്വദേശത്തു ചെലവഴിക്കാൻ കുടുംബങ്ങളുടെ ഒഴുക്കും തുടങ്ങി. എന്നാൽ യാത്രാസൗകര്യമില്ലാതെ അവധിക്കാലം പെരുവഴിയിലാകുന്ന സ്ഥിതിയിലാണിവർ. ട്രെയിനുകൾ ചിലതു റദ്ദാക്കി; മറ്റു ചിലതു വഴി തിരിച്ചു വിട്ടു. ആയിരത്തോളം കെഎസ്ആർടിസി സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ട്രെയിനിനെയും ബസിനെയും ആശ്രയിക്കാനാവാത്ത സ്ഥിതിയിലാണ് യാത്രക്കാർ. 

500 കടന്ന് വെയ്റ്റ് ലിസ്റ്റ് 

കോഴിക്കോട് –തിരുവനന്തപുരം ജനശതാബ്ദിയിൽ എറണാകുളം– തിരുവനന്തപുരം റൂട്ടിൽ ടിക്കറ്റ് ലഭ്യമല്ല. ഇന്നലെ വെയ്റ്റ് ലിസ്റ്റ് 155 ആണ്. 26 ന് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു വെയ്റ്റ് ലിസ്റ്റ് 290 ആണ്. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ടിക്കറ്റ് കിട്ടാനില്ല. ഐലൻഡ് എക്സ്പ്രസിലും കൊച്ചുവേളി ഹംസഫർ‍ എക്സ്പ്രസിലും വെയ്റ്റ് ലിസ്റ്റ് 300 നു മുകളിൽ. സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതിനാൽ യാത്രാദുരിതം കൂടി.

ഹംസഫർ ഞായറാഴ്ച കൂടി ഓടിക്കാമെങ്കിലും അതിനുള്ള ശ്രമമില്ല. ആഴ്ചയിൽ 2 ദിവസം മാത്രം. ബെംഗളൂരു കൊച്ചുവേളി എക്സ്പ്രസിൽ വെയ്റ്റ് ലിസ്റ്റ് 500 നു മുകളിലാണ്. ചെന്നൈ റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ക്രിസ്മസ് കഴിഞ്ഞുളള ആഴ്ചയിൽ ചെന്നൈ, ബെംഗളൂരു, മുംബൈ മടക്കയാത്രയും എളുപ്പമല്ല. ചിങ്ങവനം, ഇടപ്പളളി എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികൾ 2 ദിവസത്തിനകം തീരുന്നതോടെ ട്രെയിൻ ഗതാഗതം മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. എന്നാൽ കരുനാഗപ്പള്ളിയിലെ പണികൾ 30 നേ തീരൂ. 

കോട്ടയം വഴി പകൽ ട്രെയിനില്ല 

കോട്ടയം വഴിയുള്ള 10 പാസഞ്ചർ റദ്ദാക്കി; 4 എക്സ്പ്രസുകൾ വഴി തിരിച്ചു വിട്ടു. ചിങ്ങവനം - ചങ്ങനാശേരി ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 9 മുതൽ 3 വരെ കോട്ടയം വഴി ട്രെയിൻ ഗതാഗതമുണ്ടാകില്ല. നാളെയും രാവിലെ 9 മുതൽ ഒരു മണി വരെ ഗതാഗത നിയന്ത്രണമുണ്ട്. കരുനാഗപ്പള്ളി യാർഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നത്തെയും നാളത്തെയും ആലപ്പുഴ–കൊല്ലം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഇടപ്പള്ളി യാഡിലെ അറ്റകുറ്റപ്പണി കാരണം ശബരി, കേരള എക്സ്പ്രസുകൾ ഇന്നലെ ഒന്നര മണിക്കൂറോളം വൈകി. കോട്ടയം വഴിയുള്ള മിക്ക ട്രെയിനുകളും അരമണിക്കൂർ‌ വൈകിയാണ് ഓടിയത്. 

ആശ്രയമറ്റ് ദീർഘദൂരം 

കണ്ടക്ടർമാരുടെ കുറവിനെത്തുടർന്ന് ഇന്നലെ മുടങ്ങിയത് 998 കെഎസ്ആർടിസി സർവീസുകൾ. ഉച്ചവരെയുള്ള സർവീസുകളിൽ 402 എണ്ണവും ഉച്ചയ്ക്കു ശേഷം 596 ബസുകളും മുടങ്ങി. മധ്യകേരളത്തിലാണ് യാത്രാക്ലേശം രൂക്ഷമായത്. എറണാകുളം മേഖലയിൽ മാത്രം 484 സർവീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് 350 സർവീസുകളും കോഴിക്കോട്ട് 164 എണ്ണവും റദ്ദാക്കേണ്ടി വന്നു.

കെഎസ്ആർടിസി സ്കാനിയ, വോൾവോ സർവീസുകളിൽ ബുക്ക് ചെയ്തവർക്കു ടിക്കറ്റ് റദ്ദാക്കിയതായി സന്ദേശം ലഭിക്കുന്നുണ്ട്. ഇതോടെ ബെംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ നിരക്കു കുത്തനെ കൂട്ടി. 3500 രൂപ വരെയാണു തിരുവനന്തപുരം –ബെംഗളൂരു ടിക്കറ്റിന് ഈടാക്കുന്നത്. തിരുവനന്തപുരം–കോയമ്പത്തൂർ സ്കാനിയ സർവീസും മിക്ക ദിവസവും റദ്ദാക്കുന്നുണ്ട്. 

related stories