ട്രാൻസ്ജെൻഡർമാർ ശബരിമലയിൽ എത്തി

എരുമേലിയിൽ നിന്നു പൊലീസ് തിരിച്ചയച്ച ട്രാൻസ്ജെൻഡേഴ്സ് പ്രത്യേക അനുമതി വാങ്ങി ശബരിമലയിൽ എത്തി ദർശനം നടത്തുന്നു. ചിത്രം: മനോരമ

ശബരിമല ∙ കനത്ത പൊലീസ് സുരക്ഷയിൽ ട്രാൻസ്ജെൻഡർമാർ ശബരിമല ദർശനം നടത്തി. തിരുവനന്തപുരത്തു പോയി പ്രത്യേക അനുമതി വാങ്ങിയാണ് തൃപ്തി ഷെട്ടി, അവന്തിക, രഞ്ജു, അനന്യ എന്നിവർ ശബരിമലയിലെത്തിയത്. പ്രതിഷേധങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും നിലയ്ക്കൽ മുതൽ കനത്ത സുരക്ഷയായിരുന്നു ഇവർക്ക് പൊലീസ് ഒരുക്കിയിരുന്നത്.

ട്രാൻസ്ജെൻഡർമാരുടെ ദർശനത്തിൽ ആചാരലംഘനം ഇല്ലാത്തതിനാൽ തടസ്സമില്ലെന്നു തന്ത്രിയും പന്തളം കൊട്ടാരവും അറിയിച്ചിരുന്നു. സ്വത്വം മറച്ചുവച്ച്, വസ്ത്രധാരണ സ്വാതന്ത്ര്യം അടിയറവച്ച് ദർശനത്തിനു വരുന്നതിനോട് താൽപര്യം ഇല്ലാത്തതിനാലാണ് അനുമതി തേടിയതെന്ന് തൃപ്തി ഷെട്ടി പറഞ്ഞു. ആചാരങ്ങൾ പാലിച്ചാണ് എത്തിയത്. തൃപ്തി ഷെട്ടി രണ്ടാം തവണയും രഞ്ജു 13–ാം തവണയും അവന്തിക മൂന്നാം തവണയുമാണ് ദർശനം നടത്തുന്നത്. അനന്യയുടെ കന്നിദർശനമാണ്.

ശബരീശനു നെയ്യഭിഷേകം നടത്തിയും മാളികപ്പുറത്ത് അവൽ, മലർ നിവേദ്യം സമർപ്പിച്ചും നാളികേരം ഉരുട്ടിയും ചടങ്ങുകൾ പൂർത്തിയാക്കിയാണ് അവർ മലയിറങ്ങിയത്.