Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസം: പ്രതിപക്ഷ നേതാവിനു മുന്നിൽ പരാതിപ്രളയം

പത്തനംതിട്ട∙ പരാതിയുടെ കെട്ടുകളഴിച്ചു പ്രളയബാധിതർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മുന്നിൽ. റാന്നിയിലെയും ആറന്മുളയിലെയും ജനസമ്പർക്ക പരിപാടിയിൽ ആയിരത്തിലേറെ പരാതികളാണ് ലഭിച്ചത്. വ്യാപാരികളായിരുന്നു പരാതിക്കാരിൽ ഏറെയും. 10,000 രൂപ സഹായം ലഭിച്ചതിനപ്പുറം വീടുകൾ നഷ്ടപ്പെട്ടവർക്ക് മറ്റൊന്നും ലഭിച്ചില്ലെന്നു സമ്പർക്ക പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. പ്രളയ നഷ്ടത്തിന്റെ കണക്കെടുപ്പു പോലും ശാസ്ത്രീയമായല്ല നടന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

ലഭിച്ച പരാതികൾ സർക്കാരിനു സമർപ്പിക്കും. ഉത്തരവുകൾ ഇടാൻ അധികാരം ഇല്ലെങ്കിലും ഉത്തരവുകൾ ഇടുന്നവർക്കുമേൽ സമ്മർദം ചെലുത്താൻ തനിക്കു കഴിയും. പ്രളയബാധിതർക്കു നഷ്ടപരിഹാരം ലഭിക്കുംവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കു റാന്നിയിലും വൈകുന്നേരം ആറന്മുളയിലും നടന്ന ജനസമ്പർക്ക പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നു പരാതി നൽകിയത്. വ്യാപാര മേഖല മുഴുവൻ തകർന്ന റാന്നിയിൽ വ്യാപാരികൾക്കു കടം കൊടുക്കാൻ പോലും ബാങ്കുകൾ തയാറാകുന്നില്ല. ഇനിയും തുറക്കാത്ത വ്യാപാര സ്ഥാപനങ്ങളുണ്ട്. റാന്നി എംഎൽഎ രാജു ഏബ്രഹാമിനു നിയമസഭയിൽ സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

റാന്നിയിൽ നിരാഹാര സമരം നടത്തിയ എബി സ്റ്റീഫന്റെ വ്യാപാര സ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി. വ്യാപാരി വ്യവസായികൾ ഉന്നയിച്ച പ്രശ്നങ്ങൾ സംബന്ധിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി പ്രതിപക്ഷ നേതാവ് ഫോണിൽ ചർച്ച നടത്തി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. ആന്റോ ആന്റണി എംപി, പി.ജെ.കുര്യൻ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യുഡിഎഫ് കൺവീനർ പന്തളം സുധാകരൻ, ഡിസിസി വൈസ് പ്രസിസന്റ് റിങ്കു ചെറിയാൻ, കെപിസിസി സെക്രട്ടറി പഴകുളം മധു എന്നിവർ പ്രസംഗിച്ചു.

related stories