Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചൈനീസ് അണക്കെട്ടിലെ’ വൈദ്യുതി വേണ്ട: നേപ്പാളിനു മുന്നറിയിപ്പ് നൽകാൻ മോദി

kp-oli-narendra-modi-file-pic പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയും (ഫയൽ ചിത്രം)

ന്യൂഡൽഹി∙ നേപ്പാളിൽ വർധിച്ചുവരുന്ന ചൈനീസ് മേധാവിത്വത്തിൽ അതൃപ്തിയുമായി ഇന്ത്യ. ത്രിദിന സന്ദർശനത്തിന് എത്തുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അറിയിച്ചേക്കും. നേപ്പാളിൽ എത്ര അണക്കെട്ടുകൾ പണിയാനും ചൈനയ്ക്ക് അനുവാദം കൊടുത്തോളൂ, എന്നാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യയ്ക്കാവില്ലെന്ന സന്ദേശത്തിലൂടെയാകും മോദി നിലപാടു വ്യക്തമാക്കുക. ഒലിയെ ഊഷ്മളതയോടെ സ്വീകരിക്കുമെങ്കിലും ഇന്ത്യയുടെ ശക്തമായ നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

നേപ്പാളിന്റെ കാര്യത്തിലുള്ള ഇന്ത്യ – ചൈന ‘ശീതയുദ്ധത്തിന്റെ’ പ്രധാന ശ്രദ്ധാകേന്ദ്രം മധ്യ – പടിഞ്ഞാറൻ നേപ്പാളിലെ ബുധി ഗൻഡാകി നദിയിൽ പണിയുന്ന അണക്കെട്ടാണ്. 2.5 ബില്യൻ യുഎസ് ഡോളർ ചെലവു വരുന്ന പദ്ധതിയാണിത്. ചൈനയുടെ അഭിമാന പദ്ധതിയായ ‘വൺ ബെൽറ്റ് വൺ റോഡി’നോടു ചേർന്നു പ്രവർത്തിക്കാൻ അന്നത്തെ നേപ്പാൾ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ നേതാവുമായ പുഷ്പ കമൽ ദഹൽ തീരുമാനമെടുത്ത് ആഴ്ചകൾക്കകമായിരുന്നു ബുധി ഗൻഡാകി പദ്ധതി ചൈനയുടെ ഗെസൗബ ഗ്രൂപ്പിനു കൈമാറിയത്.

എന്നാൽ മാസങ്ങൾക്കകം പ്രചണ്ഡയ്ക്കു പകരം നേപ്പാളി കോൺഗ്രസ് നേതാവ് ഷെർ ബഹാദുർ ദ്യൂബ അധികാരമേറ്റെടുത്തു. നവംബറോടെ അദ്ദേഹം പദ്ധതി റദ്ദാക്കി. ചിന്തിക്കാതെയും അനധികൃതമായുമാണു കരാർ ഉണ്ടാക്കിയതെന്നാണു ദ്യൂബ ചൂണ്ടിക്കാട്ടിയത്. അതേസമയം, ദ്യൂബയുടെ നടപടിക്കുപിന്നിൽ ഇന്ത്യയുടെ സമ്മർദമാണെന്ന സംസാരം കഠ്മണ്ഡുവിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ, കഴിഞ്ഞ മാസം സൗത്ത് ചൈന മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ, പദ്ധതി പൊടിതട്ടിയെടുക്കാൻ ആലോചിക്കുന്നതായി ഇപ്പോഴത്തെ പ്രധാനമന്ത്രി ഒലി വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയപരമായ എതിരഭിപ്രായമോ എതിരാളികളായ കമ്പനികളിൽനിന്നുള്ള സമ്മർദമോ ആകാം പദ്ധതി റദ്ദാക്കാൻ കാരണമെന്നു പറഞ്ഞ ഒലി, ജലവൈദ്യുതിയിലാണു നേപ്പാളിന്റെ പ്രധാന ശ്രദ്ധയെന്നും എന്തുവന്നാലും ബുധി ഗൻഡാകി പദ്ധതി ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.

ഇന്ത്യയിൽനിന്നു വൻതുക വാങ്ങി ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരമാണു നേപ്പാളിനു ജലവൈദ്യുത പദ്ധതികളെന്നാണ് ഒലിയുടെ അഭിപ്രായം. കഴിഞ്ഞ അഞ്ചു വർഷമായി നേപ്പാളിന്റെ ഇന്ധന ഇറക്കുമതി ബിൽ വളരെയധികവുമാണ്. അതേസമയം, കിഴക്കൻ നേപ്പാളിലെ സങ്ഖുവസഭ ജില്ലയിലെ 900 മെഗാവാട്ട് അരുൺ–മൂന്ന് ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം മോദിയും ഒലിയും ഇന്നു ന്യൂഡൽഹിയിൽ നിർവഹിക്കും.

related stories