Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ: കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറ്; യാത്രക്കാരെ ഇറക്കിവിട്ടു

Hartal | Kollam കൊല്ലത്ത് ഹർത്താലനുകൂലികൾ നടത്തുന്ന പ്രതിഷേധം. ചിത്രം: രാജൻ എം. തോമസ്

കോട്ടയം ∙ സംസ്ഥാന വ്യാപകമായി ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ അവസാനിച്ചു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്കു നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. അതിനിടെ, കൊച്ചിയിൽ വാഹനങ്ങൾ തടഞ്ഞുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രസഭ നേതാവ് എം. ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ തടഞ്ഞില്ലെന്നാണ് ഗീതാനന്ദന്റെ നിലപാട്. ഇദ്ദേഹത്തെ സെൻട്രൽ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രാവിലെ സർവീസ് നടത്തിയെങ്കിലും ഇപ്പോൾ കെഎസ്ആർടിസി സർവീസുകൾ ഭാഗികമാണ്. തമ്പാനൂരിൽനിന്നുള്ള സർവീസുകൾ നിർത്തിവച്ചു. സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടിയില്ല. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. 

Hartal ഹർത്താലിനിടെ കണ്ണൂരില്‍ സമരക്കാർ ബസ് തടയുന്നു. ചിത്രം: എം.ടി. വിധുരാജ് (ഇടത്); പാലാരിവട്ടത്തുനിന്നുള്ള കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ (മുകളിൽ), കണ്ണൂർ പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ നടത്തിയ മാർച്ച്. (താഴെ വലത്)

തിരുവനന്തപുരം

ഹർത്താലിൽ അങ്ങിങ്ങ് അക്രമണം. വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. സ്വകാര്യവാഹനങ്ങളും തടഞ്ഞു. കെഎസ്ആർടിസി ബസുകൾ രാവിലെ സർവീസ് തുടങ്ങിയെങ്കിലും പലയിടങ്ങളിലും സമരക്കാർ ബസുകൾ തടഞ്ഞു. മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു. നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞു. ഇതോടെ സർവീസ് നിർത്തിവച്ചെങ്കിലും പത്തരയോടെ സർവീസ് പുനരാരംഭിച്ചു. ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്. പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചാലയിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി.

കൊല്ലം

Hartal | Malappuram ഹർത്താൽ ബാധിക്കാത്ത മലപ്പുറം നഗരം. ചിത്രം: ടി.പ്രദീപ്കുമാർ

ജില്ലയിൽ ഹർത്താൽ പൂർണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടയുന്നുണ്ട്. കൊല്ലം നഗരത്തിൽ കടകൾ തുറന്നിട്ടില്ല. തുറന്ന ചില കടകൾ അടപ്പിക്കുകയും ചെയ്തു. കരുനാഗപ്പള്ളി - ശിങ്കാരപ്പള്ളി റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്റെ പിറകുവശത്തെ ചില്ല് ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം എറിഞ്ഞു തകർത്തു. രാവിലെ 5.45ന് ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലാണു സംഭവം. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ഭരണിക്കാവിൽ രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പൊലീസ് എത്തിയാണു വാഹനങ്ങൾ കടത്തി വിട്ടത്.

DHRM Protest | Palakkad ഡിഎച്ച്ആർഎം പ്രവർത്തകർ പാലക്കാട് ബസ് സ്റ്റാൻഡിനു സമീപം റോഡ് ഉപരോധിച്ചപ്പോൾ. ചിത്രം: ധനേഷ് അശോകൻ

ഹർത്താൽ അനുകൂലികൾ കൊല്ലം ചിന്നക്കടയിൽ റോ‍ഡ‍് തടഞ്ഞു. സ്ത്രീകൾ അടക്കമുള്ള ദലിത് ഐക്യവേദി പ്രവർത്തകരാണു വെയിൽ അവഗണിച്ച് റോഡിൽ ഇരുന്നത്. 

പത്തനംതിട്ട

KSRTC | Police protection | Hartal കൽപറ്റ നഗരത്തിൽ പൊലീസ് കാവലിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നു.

ജില്ലയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. പുല്ലാട് ഹർത്താൽ അനുകൂലികളും യാത്രക്കാരും തമ്മിലുള്ള വാഗ്വാദം സംഘർഷത്തിലെത്തി. തിരുവല്ലയിൽ എംസി റോഡിലും വാഹനം തടഞ്ഞു. വിവാഹം എന്നെഴുതി വന്ന വാഹനങ്ങളിലുള്ളവരെ, കല്ല്യാണക്കുറി കാണിച്ചാലേ കടത്തിവിടൂ എന്നു പറഞ്ഞു തടഞ്ഞുവച്ചു. കെഎസ്ആർടിസിയും ഓടുന്നില്ല.

വിവാഹ പാർട്ടിയുടെ കാർ ഹർത്താൽ അനുകൂലികൾ തല്ലി തകർത്തു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ മർദിക്കുകയും ചെയ്തു. ആറന്മുള സ്വദേശികളായ സായിഗണേഷ്, സന്ദീപ് പ്രമോദ്, സുരേഷ്, ഡ്രൈവർ പ്രദീപ്‌ എന്നിവർക്കാണ് മർദ്ദന മേറ്റത്. വിയപുരത്ത് വിവാഹത്തിൽ പങ്കെടുത്ത മടങ്ങിയ ആളുകളാണ് കാറിൽ ഉണ്ടായിരുന്നത്. പരുമല ചെങ്ങന്നൂർ റോഡിൽ പാണ്ടനാട് ഭാഗത്ത്‌ വെച്ചാണ് സംഭവം നടന്നത്.

Hartal protesters | Payyannur പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ നടത്തിയ മാർച്ച്.

ആലപ്പുഴ

ജില്ലയിൽ വാഹനങ്ങൾ തടഞ്ഞ 13 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പാതിരപ്പള്ളിയിൽ ഏഴു പേരും മാവേലിക്കരയിൽ ആറു പേരും അറസ്റ്റിലായി. എസി റോഡിൽ പൊങ്ങയിലും ദേശീയപാതയിൽ ചന്തിരൂരും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പൊലീസ് സംരക്ഷണത്തിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ ഭാഗികമായി ഓടുന്നുണ്ട്. ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാർ വന്നിട്ടുണ്ടെങ്കിലും കടകൾ തുറക്കാൻ ഉടമകൾ മടിക്കുകയാണ്.

Hartal | Payyannur ഹർത്താൽ അനുകൂലികൾ പയ്യന്നൂരിൽ കടകൾ അടപ്പിച്ചപ്പോൾ.

കോട്ടയം

കോട്ടയത്തും ഹർത്താൽ പൂർണമാണ്. സിഎസ്ഡിഎസ് പ്രവർത്തകർ വ്യാപകമായി വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. കെഎസ്ആർടിസി സർവീസുകൾ അപൂർവമായി പൊലീസ് സംരക്ഷണത്തോടെ നടക്കുന്നുണ്ട്. കടകൾ പൂർണമായും അടഞ്ഞു കിടന്നു. എരുമേലിയിൽ കുടിവെള്ള വിതരണ ലോറികൾ അടക്കം തടഞ്ഞു. ഹർത്താൽ ദിനത്തിൽ സർവീസ് നടത്തുമെന്നു പറഞ്ഞ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല.

KSRTC Bus Station | Police Protection പാലക്കാട് കെഎസ്ആർടിസ് ബസ് സ്റ്റേഷനു മുന്‍പിലെ പൊലീസ് കാവൽ. ചിത്രം: ധനേഷ് അശോകൻ

ഇടുക്കി

ഹർത്താൽ ഇടുക്കി ജില്ലയിൽ പൂർണം. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. രാവിലെ തൊടുപുഴ ഡിപ്പോയിൽനിന്നു സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. തൊടുപുഴ, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ഇരുചക്രവാഹനങ്ങളെ മാത്രമേ പലയിടത്തും കടത്തിവിടുന്നുള്ളൂ. മൂന്നാറിൽ ദലിത് സംഘടനയായ വിടുതലൈ ചിരുതൈ പ്രവർത്തകർ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞു.

ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനിന്നുള്ള കാഴ്ച. വിഡിയോ: ജോസ്കുട്ടി പനയ്ക്കൽ

എറണാകുളം

കൊച്ചി ബൈപ്പാസിൽ മാടവനയിൽ സംഘർഷമുണ്ടായി. പ്രകടനം നടത്തിയ 18 ദലിത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബസ് തടയാൻ ശ്രമിച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.

Kochi private bus ഹർത്താൽ ദിനത്തിൽ കൊച്ചി എളമക്കരയിൽ സ്വകാര്യ ബസുകൾ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

തൃശൂർ

ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കെഎസ്ആർടിസി സർവീസ് നടത്തുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പ്രത്യേക സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്. വലപ്പാട് കെഎസ്ആർടിസി ബസിനു നേരെ നടന്ന കല്ലേറിൽ ഡ്രൈവർക്കു പരുക്കേറ്റു. മുരിയാട് കെഎസ്ആർടി ബസിനു നേരെ ഹർത്താൽ അനുകൂലികളുടെ കല്ലേറ്. തൃപ്രയാറും ചാവക്കാട്ടും സ്വകാര്യ ബസുകൾ തടഞ്ഞു. ഇരിങ്ങാലക്കുടയിൽ കാറിനു നേരെ കല്ലേറുണ്ടായി. ശക്തൻ ബസ് സ്റ്റാൻഡിൽ ഹർത്താൽ അനുകൂലികൾ സ്വകാര്യബസുകൾ തടഞ്ഞതോടെ താൽ‌ക്കാലികമായി സർവീസ് നിർത്തിവച്ചു.

Hartal | Malappuram മലപ്പുറത്ത് എടക്കരയിൽ ഹർത്താൽ അനുകൂലികൾ നടത്തിയ മാർച്ച്.

പാലക്കാട്

ഹർത്താലിൽ ജില്ലയിൽ പലയിടത്തും വഴി തടഞ്ഞു. കെഎസ്ആർടിസി പാലക്കാട് ഡിപ്പോയ്ക്കു മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ കോയമ്പത്തൂരിലേക്കു യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സംരക്ഷണത്തിൽ കെഎസ്ആർടിസി സർവീസ് തുടങ്ങി. ഇതിനായി സ്റ്റാൻഡിന്റെ പിൻവശത്തുള്ള ഗേറ്റിൽനിന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കി. അൻപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ പൊലീസ് സേന എത്തിയതോടെ മറ്റിടങ്ങളിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഇതിനകം 20 സർവീസ് നടത്തി. കൊപ്പത്ത് സമരാനുകൂലികൾ ഓട്ടോറിക്ഷ ആക്രമിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല.

Hartal | Kannur ഹർത്താലനുകൂലികൾ കണ്ണൂരിൽ പ്രതിഷേധിക്കുന്നു. ചിത്രം: സജീഷ് ശങ്കർ.

ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത വിവിധ ദലിത് സംഘടനകളിലെ 19 പേരെ ടൗൺ പെ‍ാലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ടൗണിൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞവരെ പെ‍ാലീസ് ഇടപെട്ട് ഒഴിവാക്കി. കെഎസ്ആർടിസി ഡിപ്പേ‍ായ്ക്കുസമീപം ബസ് തടയാനെത്തിയ സംഘത്തെ പെ‍ാലീസ് ബലം പ്രയേ‍ാഗിച്ചു നീക്കം ചെയ്തു. അട്ടപ്പാടിയിൽ ഹർത്താൽ പൂർണം.

Hartal | Kochi ഹർത്താൽ ദിനത്തിൽ കൊച്ചി പാലാരിവട്ടത്തുനിന്നുള്ള കാഴ്ച. ചിത്രം ജോസ്കുട്ടി പനയ്ക്കൽ.

മലപ്പുറം

Hartal Kasargod കാസർകോട് രാജപുരത്ത് വാഹനങ്ങൾ തടയാൻ സ്ത്രീകളും കുട്ടികളും അടക്കം രംഗത്തിറങ്ങിയപ്പോൾ.

ഹർത്താൽ മലപ്പുറം ജില്ലയെ ബാധിച്ചില്ല. ബസുകളും ടാക്‌സികളും ഓട്ടോകളും ഓടുന്നുണ്ട്. കടകളും സ്‌ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. എടക്കരയിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്റ്റേഷനിൽ ഇവർ കുത്തിയിരിപ്പു സമരത്തിനു ശ്രമിച്ചത് പൊലീസ് തടഞ്ഞു.

കോഴിക്കോട്

Hartal | Kottayam കോട്ടയം നാട്ടകം ബൈപ്പാസ് റോഡിൽ സമരക്കാർ ടാർ വീപ്പകളും കച്ചിയും മറ്റുമിട്ട് തടസ്സം ഉണ്ടാക്കിയപ്പോൾ.

ഹർത്താൽ ജില്ലയിൽ ഭാഗികം. കടകൾ തുറന്നെങ്കിലും ബസ് സർവീസ് തടസപ്പെട്ടു. പേരാമ്പ്രയിൽ ഹർത്താലനുകൂലികൾ വാഹനം തടഞ്ഞു. മുക്കത്ത് വാഹനങ്ങൾ വ്യാപകമായി തടയുന്നുണ്ട്. മേപ്പയൂരിൽ ഹർത്താൽ പൂർണം; വാഹനങ്ങൾ തടഞ്ഞു. കൊയിലാണ്ടിയിൽ കടകൾ അടഞ്ഞുകിടക്കുന്നു. ബസ് സർവീസുകൾ ഭാഗികമായി നടക്കുന്നുണ്ട്.

വയനാട്

Hartal | Malappuram മലപ്പുറം കൊണ്ടോട്ടിയിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനം. ചിത്രം: സമീർ എ. ഹമീദ്

വയനാട്ടിൽ ഹർത്താൽ ശക്തമാണ്. രാവിലെ സമാധാന അന്തരീക്ഷമായിരുന്നതിനാൽ കെഎസ്ആർടിസി ബസുകൾ ഓടുകയും കടകൾ തുറക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നില്ല. എന്നാൽ പിന്നീട് ഹർത്താലിനെ പിന്തുണയ്ക്കുന്ന സംഘടനകൾ ടൗണിലേക്കിറങ്ങി കടകൾ അടപ്പിച്ചു.

കണ്ണൂർ

Hartal Thiruvananthapuram തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ പ്രതിഷേധിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

ജില്ലയുടെ വിവിധ ഭാഗങ്ങളി‍ൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. പയ്യന്നൂർ, പഴയങ്ങാടി, ശ്രീകണ്ഠപുരം, നടുവിൽ പ്രദേശങ്ങളിൽ കടകൾ അടഞ്ഞു കിടക്കുന്നു. കണ്ണൂർ നഗരത്തിൽ രാവിലെ ഹർത്താൽ അൽപം പോലും അനുഭവപ്പെട്ടില്ലെങ്കിലും ഉച്ചയോടെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. പുതിയതെരുവിൽ ദേശീയപാത ഉപരോധിച്ചു.

അതേസമയം, ദലിത് സംഘടനകൾ നടത്തിയ ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. ജോഷി കണ്ടത്തിൽ, എൻ.എസ്. നുസൂർ, കെ.ബിനോജ്, പി.എ.ഹരി, സി.ടി. അഭിജിത്ത്, അനൂപ് അലൻ, നൗഫൽ, വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

കണ്ണൂരിൽ സമരാനുകൂലികൾ ബസ്സുകൾ തടയുന്നു. വിഡിയോ: എം.ടി. വിധുരാജ്

ഹർത്താൽ ദിനത്തിൽ റോഡ് തടഞ്ഞ ദലിത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. മയ്യിൽ പറശ്ശിനി റോഡിലാണു സംഭവം. മൂന്നു പേർക്കു പരുക്കേറ്റതായി ദലിത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേ സമയം, കെ.കെ.രാഗേഷ് എംപി നയിക്കുന്ന ജാഥയെ ദലിത് കോൺഗ്രസുകാർ തടയുകയായിരുന്നുവെന്നാണു സിപിഎം ആരോപണം. ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ (10) മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. 

തിരുവനന്തപുരത്ത് ഹർത്താലനുകൂലികൾ നടത്തുന്ന പ്രതിഷേധം. വിഡിയോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കാസർകോട്

Hartal | Thiruvananthapuram തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ പ്രതിഷേധിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

കാസർകോട് ഹർത്താൽ ഭാഗികം. കാറുകളടക്കം സ്വകാര്യ വാഹനങ്ങൾ ഓടുന്നു. കർണാടക ആർടിസിയും കെഎസ്ആർടിസിയും ഓട്ടോറിക്ഷകളും പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. പെരിയ, ഭീമനടി, മഞ്ചേശ്വരം എന്നിവിടങ്ങളിലും ചില ഗ്രാമപ്രദേങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ മലയോരത്ത് പൂർണമാണ്. ചിറ്റാരിക്കാൽ, കടുമേനി, പരപ്പ, ഭീമനടി ടൗണുകളിൽ ഹർത്താൽ പൂർണമായിരുന്നു. രാവിലെ തന്നെ ഹർത്താൽ അനുകൂലികൾ ടൗണുകളിലെത്തി വാഹനങ്ങൾ തടയുകയായിരുന്നു. പല ടൗണുകളിലും തുറന്നിരുന്ന കടകളും അടപ്പിച്ചു. ടൗണുകളിൽ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മലയോരത്ത് സമാധാനപരമായാണു ഹർത്താൽ ആരംഭിച്ചത്.

രാജപുരത്തും ഹർത്താൽ പൂർണമാണ്. കടകൾ തുറന്നില്ല. കടകൾ അടയ്ക്കണമെന്ന് ഇന്നലെ ഹർത്താൽ അനുകൂലികൾ വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. ഇന്നു രാവിലെ മുതൽ വാഹനങ്ങൾ തടയുന്നുണ്ട്. വലിയ മരങ്ങളും കല്ലുകളും വച്ച് റോഡുകളിൽ തടസ്സമുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും വാഹനങ്ങൾ തടയാനായി രംഗത്തുണ്ട്. 

ഹർത്താലിൽ പങ്കെടുക്കില്ലെന്നു സ്വകാര്യ ബസുടമകളും വ്യാപാരിവ്യവസായി സംഘടനയും അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളും പതിവുപോലെ സർവീസ് നടത്തുമെന്ന് എംഡി എ.ഹേമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ജോലിക്കു ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സർവീസുകളുടെയും വിശദമായ റിപ്പോർട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും എംഡി നിർദേശിച്ചു. ബസുകൾക്കു മതിയായ സംരക്ഷണം നൽകണമെന്നു പൊലീസിനോടും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തത്.

related stories