Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയെ ‘വിരട്ടുന്ന വില്ലൻ’; വിഡിയോ തെളിവുമായി ഉടമകളും പ്രേമികളും

Elephant ലേസർ വെളിച്ചം അടിച്ചതിനെ തുടർന്ന് ലോറിയിൽ ‌കയറാൻ വിസമ്മതിക്കുന്ന ചിറക്കൽ കാളിദാസൻ എന്ന ആന. (വിഡിയോ ദൃശ്യം)

തൃശൂർ∙ സമീപകാലത്ത് ആനകൾ വ്യാപകമായി ഇടയുന്നതിന്റെ കാരണമെന്താണ് ? ആനകൾക്കു നേരെയുള്ള പീഡനവും മറ്റുമാണു പൊതുവെ മറുപടിയായി കിട്ടുക. എന്നാൽ ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആന ഉടമകളും ആനപ്രേമികളും വാദിക്കുന്നു. ഇക്കാര്യം ശരിവച്ച്, ആനയുടെ കണ്ണിലേക്കു ലേസർ ലൈറ്റ് അടിക്കുന്ന സംഘത്തെക്കുറിച്ചു സ്പെഷൽ ബ്രാഞ്ച് അന്വേഷണവും തുടങ്ങി. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ ഏറെ ദൂരെനിന്ന് ആനയുടെ കണ്ണിലേക്കു ലേസർ ലൈറ്റ് അടിച്ചിരുന്നുവെന്നാണു സൂചന. ഇതേത്തുടർന്നാണു പലയിടത്തും ആന പിണങ്ങിയതെന്നു വിലയിരുത്തപ്പെടുന്നു.

തൃശൂരിൽനിന്നുള്ള ചിറക്കൽ കാളിദാസൻ എന്ന ആന ലോറിയിൽ കയറുന്നതിനിടയിൽ ദേഹത്തു ലേസർ വെളിച്ചം അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ആന പ്രേമികൾ എടുത്ത വിഡിയോ പിന്നീടു പരിശോധിച്ചപ്പോഴാണു ലേസർ വെളിച്ചം കണ്ടെത്തിയത്. സമാനമായ വിഡിയോകൾ പലയിടത്തുനിന്നും കിട്ടുന്നുമുണ്ട്. കണ്ണിനു സമീപം ലേസർ വെളിച്ചം വീഴുമ്പോൾ ചിറക്കൽ കാളിദാസൻ ലോറിയിൽനിന്നു പെട്ടെന്നു പുറകോട്ടു വരുന്നതു കാണാം. പപ്പാൻ നിർബന്ധിച്ചിട്ടും ലോറിയിൽ കയറിയില്ല.


ലോറിയിൽ കയറാൻ മടി കാണിക്കാത്ത ആനയാണിത്. മാത്രമല്ല പാപ്പാനുമായി നല്ല സ്നേഹത്തിലുമാണ്. വളരെ ശാന്തമായാണു പെരുമാറ്റം. പക്ഷേ, ലേസർ അടിച്ചതിനുപിന്നാലെ ലോറിയിൽ കയറാൻ വിസമ്മതിക്കുന്നതു വ്യക്തമാണ്. കൊല്ലം മയ്യനാടുവച്ചായിരുന്നു സംഭവം. മറ്റൊരു സംഭവത്തിൽ ലേസർ തെളിയിച്ചുവെന്നു സംശയിക്കുന്ന ഒരു വിദേശിയെ നാട്ടുകാർ തടഞ്ഞുനിർ‌ത്തി ചോദ്യംചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ഇയാളെ സൂക്ഷിക്കുകയെന്ന കുറിപ്പോടെയാണ് ആന ഉടമകളും ആനപ്രേമികളും ഈ ചിത്രങ്ങൾ കൈമാറുന്നത്.

ക്യാമറ ഫോക്കസ് ചെയ്യുമ്പോഴുള്ള വെളിച്ചമാണിതെന്ന സംശയത്തെത്തുടർന്ന് ആന ഉടമകൾ വിവിധ ഫൊട്ടോഗ്രാഫർമാരുമായി സംസാരിച്ചിരുന്നു. ഇത്തരം ലേസർ വെളിച്ചം പുറപ്പെടുവിക്കുന്ന ക്യാമറകൾ ഇല്ലെന്ന് അവർ സ്ഥിരീകരിച്ചു. എന്നാൽ ലേസർ വെളിച്ചം അടിക്കുമ്പോൾ ആന പരിഭ്രമിക്കുന്നതിന്റെ ശാസ്ത്രീയ കാരണം വ്യക്തമല്ല. ഇതോടെപ്പംതന്നെ ശബരിമലയിൽ ആന ഓടിയപ്പോൾ പുറകിൽ വലിയ വടിയുമായി നടക്കുന്ന ആൾ ആരായിരുന്നുവെന്നും ആന ഉടമകൾ അന്വേഷിക്കുന്നുണ്ട്. ഇയാൾക്ക് ആനയുമായി ബന്ധമില്ലെന്നതാണു സംശയമുണ്ടാക്കുന്നത്.

ആനയ്ക്കു മുന്നിൽ മരക്കൊമ്പുകൾ മാറ്റാൻ നിയോഗിച്ച ആളാണെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ വലിയ വടി ഉപയോഗിച്ച് ഇയാൾ ആനയുടെ പുറംകാലിൽ കുത്തിയതായി പറയപ്പെടുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആന ഉടമസ്ഥ സംഘം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന എഴുന്നള്ളിപ്പിന് എതിരെയുള്ള കേസ് ജൂണിൽ സുപ്രീംകോടതിയിൽ പരിഗണിക്കാനിരിക്കെ ആനകൾ പ്രശ്നമുണ്ടാക്കുന്നുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായി ആന ഉടമകളും പ്രേമികളും സംശയിക്കുന്നു.