Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 മൈൽ കഴിഞ്ഞാൽ ‘ഭ്രഷ്ട്’; പാക്കിസ്ഥാനുമേൽ കടുത്ത നിയന്ത്രണവുമായി യുഎസ്

White House വൈറ്റ് ഹൗസ്

ന്യൂഡൽഹി∙ യുഎസിൽ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥർക്കു യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്താൻ നീക്കമെന്നു റിപ്പോർട്ട്. മേയ് ഒന്നു മുതൽ പാക് ഉദ്യോഗസ്ഥർ അവരുടെ സ്ഥാപനങ്ങൾക്ക് 25 മൈൽ അപ്പുറത്തേക്കു പോകുന്നതിനടക്കം തടയിടുന്നതാണു യുഎസിന്റെ പുതിയ നീക്കമെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 25 മൈലുകൾക്കപ്പുറത്തേക്കു യാത്ര ചെയ്യണമെങ്കിൽ അഞ്ചു ദിവസം മുൻപ് അനുമതി വാങ്ങണമെന്നാണു നിര്‍ദേശം.

വാഷിങ്ടണിലെ പാക്ക് എംബസിയിലേക്കു ഇതു സംബന്ധിച്ചു നോട്ടിസ് അയച്ചെന്നാണു വിവരം. അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും എംബസിയും ഇക്കാര്യം നിഷേധിച്ചു. മാർച്ച് പകുതിയോടെ യുഎസിലെ പാക്ക് എംബസിക്കു നോട്ടിസ് ലഭിച്ചെന്നും പലതവണ ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിയതായും പാക്ക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങൾക്കു ഒത്താശ ചെയ്യുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാനെ നിരവധി തവണ വിമര്‍ശിച്ചിരുന്നു. മാത്രമല്ല, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായവും മരവിപ്പിച്ചു.

ഇതിനിടെ, ബൈക്ക് യാത്രക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുഎസ് ഉദ്യോഗസ്ഥനായ കേണൽ ജോസഫ് ഇമാനുവൽ ഹാളിനോടു പാക്കിസ്ഥാൻ വിട്ടുപോകരുതെന്ന നിർദേശം നല്‍കി. നയതന്ത്ര ബന്ധത്തിന്റെ പേരിൽ പാക്കിസ്ഥാൻ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടില്ല. സുരക്ഷയെ കരുതിയാണ് ഈ ഉദ്യോഗസ്ഥന്റെ വിവരങ്ങൾ പുറത്തുവിടാത്തതെന്നും യുഎസ് എംബസി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.