Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് ക്ഷാമം താൽക്കാലികം, മൂന്നു ദിവസത്തിനുള്ളിൽ പരിഹരിക്കും: അരുൺ ജയ്റ്റ്ലി

Arun-Jaitley അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്നങ്ങൾ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണു ജയ്റ്റ്ലി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ‘രാജ്യത്തെ കറൻസി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറൻസി പ്രചാരത്തിലുണ്ട്. ബാങ്കുകളിലും നോട്ടുകൾ ലഭ്യമാണ്. ചില ഭാഗങ്ങളിൽ ‘പെട്ടെന്നും അസാധാരണവുമായി കറൻസി ആവശ്യം വർധിച്ചതാണ്’ നിലവിലെ പ്രശ്നത്തിനു കാരണം. അതു താൽക്കാലിക ക്ഷാമമാണ്, ഉടൻ പരിഹരിക്കും’– മന്ത്രി ട്വീറ്റ് ചെയ്തു.

നിലവിൽ 85% എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, വടക്കൻ ബിഹാറിലെ ചില മേഖലകൾ എന്നിവിടങ്ങളിലാണ് ഇപ്പോഴും പ്രശ്നമുള്ളത്. ഏഴു മുതൽ 10 ദിവസത്തിനിടയിൽ 500 രൂപ നോട്ടുകളുടെ പ്രചാരം രാജ്യത്തു വർധിപ്പിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം, നോട്ടുക്ഷാമം സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പണം കുറവുള്ള ബാങ്കുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പണം കൂടുതലുള്ള മറ്റു ബാങ്കുകൾക്ക് ആർബിഐ നിർദേശവും നൽകി. അതേസമയം, എടിഎം വഴിയുള്ള ഇടപാടുകളും വർധിച്ചിട്ടുണ്ട്. നേരത്തേ, ശരാശരി 3000 രൂപയുടെ ഇടപാടുകൾ നടന്നിരുന്നത് ഇപ്പോൾ 5000 രൂപയുടെ ഇടപാടായി വർധിച്ചെന്നും ധനമന്ത്രാലയ വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു.

related stories