Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി മരണം ദൗർഭാഗ്യകരം; ലിഗയുടെ ബന്ധുക്കൾ തന്നെ കണ്ടിട്ടില്ല: പിണറായി

Pinarayi-Vijayan വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം∙മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആ പണി എടുത്താൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിഷൻ ചെയർമാന്റെ ചുമതലയുള്ളയാൾ രാഷ്ട്രീയ നിലപാടു വച്ച് അഭിപ്രായം പറയരുത്. തീരുമാനം എടുക്കുമ്പോൾ മനുഷ്യാവകാശ കമ്മിഷനിലെ പദവിയിലിരുന്നാണ് എടുക്കുന്നതെന്ന് ചിന്തിക്കണം. അതിൽ മുൻ രാഷ്ട്രീയ നിലപാട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിർദേശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. പൊലീസിൽ ഒരു വിധത്തിലുള്ള മൂന്നാംമുറയും പാടില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണെന്നു പിണറായി പറഞ്ഞു. ഭൂരിപക്ഷം പൊലീസുകാരും മാന്യമായാണ് പെരുമാറുന്നത്. എന്നാൽ ഏതാനും പേർക്ക് അവരുടെ സ്വഭാവം മാറ്റാനാകുന്നില്ല. അത്തരക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വനിത ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ ഒരു ഘട്ടത്തിലും താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ കാണാൻ താല്പര്യമുണ്ടായിരുന്നുവെങ്കിൽ അതിന് എന്താണു തടസ്സം. നിയമസഭയിലോ സെക്രട്ടേറിയറ്റിലെ ഓഫിസിലോ തന്നെ കാണാൻ ഒരിക്കൽ പോലും അവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. എന്നിട്ടും കാണാൻ അവസരം നൽകിയില്ലെന്നു ചിലർ പ്രചരിപ്പിക്കുകയാണ്. അതു മാധ്യമങ്ങൾ ഏറ്റെടുത്തു. ഈ പ്രചരണത്തിൽ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കടലാക്രമണം മൂലം തകർന്ന വീടുകളുടെ ഉടമകൾക്കു നാലു ലക്ഷം രൂപ വീതം ധനസഹായം നൽകും. ഭാഗികമായി കേടുപാടു സംഭവിച്ച വീടുകൾക്ക് 50,000 രൂപ വീതമാണ് അനുവദിക്കുക. ചെറിയ തോതിലുള്ള കേടുപാടുകളുള്ള വീടുകൾക്ക് 15,000 രൂപ വീതം അനുവദിക്കും. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള പ്രദേശത്തു നിന്നു സുരക്ഷിതമായ സ്ഥലത്തേക്കു മാറി താമസിക്കുന്നവർക്ക് 10 ലക്ഷം രൂപ വീതം ഫിഷറീസ് വകുപ്പ് നൽകുമെന്നും പിണറായി പറഞ്ഞു.

related stories