Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിബന്ധത്തിൽ തലതല്ലി സിപിഎം – സിപിഐ; ഇടതുപാളയത്തിൽപ്പടയിൽ ചെങ്ങന്നൂരങ്കം

kodiyeri-kanam സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

തിരുവനന്തപുരം∙ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പുനരേകീകരണത്തിനു സമയമായെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ സിപിഎമ്മും സിപിഐയും തമ്മില്‍ കലഹം മൂർച്ഛിക്കുന്നു. മേയ് 28ന് തിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ തേടുന്നതിനെച്ചൊല്ലിയാണു തര്‍ക്കം.

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് ഒരിടവേളയ്ക്കുശേഷം തര്‍ക്കത്തിനു തുടക്കമിട്ടത്. മാണിയുടെ വോട്ട് സ്വീകരിക്കുമെന്നും സിപിഐയ്ക്കു മാത്രമായി എല്‍ഡിഎഫില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു.

ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി കാനം അന്തരീക്ഷത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഐ നേതാവ് ബിനോയ് വിശ്വം ഒരു പടികൂടി കടന്നു. മാണി വെറുക്കപ്പെട്ടതും മോശപ്പെട്ടതുമായ രാഷ്ട്രീയ മുഖമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാണിയുമായി സഹകരണം വേണ്ടെന്ന നിലപാടില്‍ സിപിഐയും വേണമെന്ന നിലപാടില്‍ സിപിഎമ്മും ഉറച്ചുനില്‍ക്കുന്നതോടെ പ്രസ്താവനാ യുദ്ധം നീളുമെന്നുറപ്പായി. ഫലമറിയാന്‍ ഒരു മാസത്തെ ഇടവേളമാത്രം.

എല്‍ഡിഎഫ്‌ സ്ഥാനാർഥി സിപിഎമ്മുകാരനായതുകൊണ്ട്‌ അദ്ദേഹം ജയിക്കരുതെന്നു സിപിഐക്കാരനായ കാനം രാജേന്ദ്രന് ആഗ്രഹം കാണുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി പ്രസ്താവിച്ചത് എരിതീയിൽ എണ്ണയായി. എൽഡിഎഫ്‌ സ്ഥാനാര്‍ഥി തന്നെ നേരിട്ടു കണ്ടു വോട്ട്‌ അഭ്യർഥിച്ചതാണെന്നു കൂടി മാണി പറഞ്ഞു വയ്ക്കുന്നു.

മാണിക്കെതിരെ തെരുവിലിറങ്ങുകയും നിയമസഭയിലെ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തതിനുശേഷം മാണിയുമായി സഹകരിക്കുന്നത് ജനങ്ങളോട് എങ്ങനെ വിശദീകരിക്കുമെന്നാണ് ഇതിനിടെ സിപിഐയുടെ ചോദ്യം. എല്‍ഡിഎഫ് ഏകോപന സമിതി മാണി രാജിവയ്ക്കുന്നതുവരെ സമരം പ്രഖ്യാപിച്ചതു ഓര്‍മ്മയില്ലേയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെങ്ങന്നൂരില്‍ മാണി വിഭാഗത്തിന്റെ വോട്ടുകിട്ടിയില്ലെങ്കിലും ജയിക്കാനാകുമെന്ന വിശ്വാസത്തിലാണ് സിപിഐ. മാണിയെ കൂടെകൂട്ടിയാല്‍ ചിലപ്പോള്‍ അപകടത്തില്‍ ചാടുമെന്നും അവര്‍ വിലയിരുത്തുന്നു. മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് പുറത്തിറക്കിയ ലഘുപുസ്തകം സിപിഎമ്മിനെതിരെയുള്ള ആയുധമായി സിപിഐ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്റെ നയം മാറ്റമാണ് വിമര്‍ശന വിഷയം. മാണിയോടുള്ള എതിര്‍പ്പ് രാഷ്ട്രീയ നിലപാടിന്റെ മാത്രമല്ല, രാഷ്ട്രീയ അതിജീവനത്തിന്റെ ഭാഗംകൂടിയാണെന്നു സിപിഐ മനസിലാക്കുന്നു. മാണി വിഭാഗവുമായി സിപിഎം ചങ്ങാത്തം കൂടുകയും അതു ഇടതു മുന്നണിയിലെ സഹകരണമെന്ന നിലയിലേക്ക് എത്തുകയും ചെയ്താല്‍ നഷ്ടം സിപിഐയ്ക്കായിരിക്കും.

മാണിയുമായി സഹകരിച്ചു തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണു സിപിഎം ശ്രമം. ഭാവിയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ വഴിയൊരുക്കലാണ് ചെങ്ങന്നൂര്‍. മലപ്പുറത്തെയോ വേങ്ങരയിലെയോ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ചെങ്ങന്നൂരിലെന്നു സിപിഎമ്മിനു ബോധ്യമുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള മണ്ണില്‍ സിപിഎമ്മിനു വിജയം ഉറപ്പാക്കണം. ചെങ്ങന്നൂരിലെ പരാജയം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി മാറാമെന്നതും പാര്‍ട്ടി കണക്കിലെടുക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായാല്‍ യുഡിഎഫിനു ലഭിക്കുന്ന ഊര്‍ജവും ചെറുതാകില്ല. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിപിഎം നീക്കം.

സിപിഎം - സിപിഐ ലയനത്തെ സംബന്ധിച്ച പ്രസ്താവനകള്‍ ഇതാദ്യമല്ല. വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായ കാലഘട്ടംമുതല്‍ ആവര്‍ത്തിക്കുന്നതാണിത്. ലയനം സംബന്ധിച്ച പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി സെക്രട്ടറിമാരായ വെളിയം ഭാര്‍ഗവനും പിണറായി വിജയനും വാക്കുകള്‍കൊണ്ട് പരസ്യമായി ഏറ്റുമുട്ടിയ ചരിത്രവുമുണ്ട്.

സിപിഎമ്മിന്റെ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സിപിഎം – സിപിഐ രാഷ്ട്രീയ നിലപാടുകളിലുള്ള സമാനത ഏറിവരികയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കൊല്ലത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് എല്‍ഡിഎഫില്‍ ഭിന്നതയുണ്ടായതെന്നതു ശ്രദ്ധേയമാണ്. ഇടതുപക്ഷം കൂടുതല്‍ ഐക്യത്തോടെ പോകേണ്ട കാലമാണെന്നും ഇരുപാര്‍ട്ടികളുടേയും പുനരേകീകരണത്തെക്കുറിച്ച് ചിന്തിക്കണമെന്നുമാണ് സുധാകര്‍ റെഡ്ഡി പറഞ്ഞത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ചാണ് സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി സംസാരിച്ചത്. പക്ഷേ ഐക്യമുണ്ടാകാന്‍ ഇനിയും കാത്തിരിക്കണമെന്ന സന്ദേശമാണ് ഇരുപാര്‍ട്ടികളുടേയും കേരളഘടകം നല്‍കുന്നത്.